പ്രവര്‍ത്തക സമിതി തിരഞ്ഞെടുപ്പ്; അംഗത്വ ഫീസ് വര്‍ധിപ്പിച്ച് കോണ്‍ഗ്രസ്‌

ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ റായ്പൂരില്‍ നടക്കുന്ന മൂന്ന് ദിവസത്തെ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് മുന്നോടിയായി സംഘടനാ മാറ്റങ്ങള്‍ക്ക് അന്തിമ മിനുക്കുപണികള്‍ നടത്തുകയാണ് പാര്‍ട്ടി. സംസ്ഥാന കോണ്‍ഗ്രസ് പ്രതിനിധികളുടെ അംഗത്വ ഫീസ് വര്‍ഷത്തില്‍ 100 രൂപ ആയിരുന്നത് 1000 രൂപയാക്കാനാണ് നീക്കം. ഇതില്‍ 400 രൂപ പാര്‍ട്ടിക്കും 300 രൂപ പാര്‍ട്ടി പ്രസിദ്ധീകരണത്തിനുമായി നീക്കിവെക്കും.

അതേസമയം, മുതിര്‍ന്ന എഐസിസി അംഗങ്ങളില്‍ നിന്ന് അംഗത്വ ഫീസായി 3000 രൂപയും പാര്‍ട്ടി വികസന ഫണ്ടായി അഞ്ചുവര്‍ഷത്തേക്ക് പ്രതിവര്‍ഷം 1000 രൂപയും വാങ്ങും. ഫണ്ട് ക്ഷാമം നികത്താന്‍ കഴിയുന്നതിനൊപ്പം ഫീസ് വര്‍ധന പ്രവര്‍ത്തര്‍ക്ക് പാര്‍ട്ടിയുമായുള്ള പ്രതിബദ്ധത വര്‍ധിപ്പിക്കാന്‍ കൂടി സഹായിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്.

മുന്‍ അധ്യക്ഷന്‍മാര്‍, മുന്‍ പ്രധാനമന്ത്രി, ലോക്‌സഭാ-രാജ്യസഭാ പാര്‍ട്ടി നേതാവ്, പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെടാതെ തന്നെ പ്രവര്‍ത്തക സമിതിയില്‍ അംഗങ്ങളാകും. അതിനാല്‍, പ്രിയങ്ക ഗാന്ധിക്ക് നേരിട്ട് സമിതിയില്‍ എത്താനാകില്ല. തിരഞ്ഞെടുപ്പിലൂടെ മാത്രമേ പ്രിയങ്കയ്ക്ക് പ്രവര്‍ത്തക സമതിയിലെത്താനാകൂ. അംഗത്വ ഫീസ് വര്‍ദ്ധിപ്പിക്കുന്നതിനും തിരഞ്ഞെടുപ്പ് നടത്തുന്നതിനുമുള്ള പ്രധാന മാറ്റം ഭാരത് ജോഡോ യാത്രയുടെ ഫലമാണെന്നാണ് നേതാക്കള്‍ പറയുന്നത്. സംഘടന താഴെ തട്ടില്‍ കെട്ടിപ്പടുക്കുന്നതിനും പ്രവര്‍ത്തകരും നേതാക്കളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനുള്ള പദ്ധതിക്ക് രാഹുല്‍ ഗാന്ധിക്ക് പ്രത്യേക താത്പര്യമുണ്ടെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.