തിരുവനന്തപുരം: സംസ്ഥാനത്ത് ട്രഷറി ഇടപാടുകളിൽ നിയന്ത്രണമേർപ്പെടുത്തി സർക്കാർ. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് നടപടി. പത്ത് ലക്ഷത്തിന് മുകളിൽ ട്രഷറി ബില്ല് മാറണമെങ്കിൽ ധനവകുപ്പിന്റെ മുൻകൂർ അനുമതി വേണമെന്നാണ് നിർദ്ദേശം. നേരത്തെ, 25 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്കായിരുന്നു നിയന്ത്രണം ഉണ്ടായിരുന്നത്. ചെക്കുകൾ മാറുന്നതിനുൾപ്പെടെ നിയന്ത്രണം ബാധകമാണ്.
ട്രഷറികളിലെ വാംസ് സോഫ്റ്റ് വെയറിൽ ഇതനുസരിച്ച് മാറ്റം വരുത്തണമെന്നാണ് ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറി ട്രഷറി ഡയറക്ടറോട് നിർദ്ദേശിച്ചിട്ടുള്ളത്. നേരത്തെ ഒന്നാം പിണറായി സർക്കാരിന്റെ അവസാനകാലത്ത് അഞ്ചു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറുന്നതിന് ധനവകുപ്പിന്റെ അനുമതി നിർബന്ധമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലായിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയത്. പിന്നീട് സ്ഥിതി മെച്ചപ്പെട്ട ശേഷമാണ് സംസ്ഥാന സർക്കാർ പരിധി ഉയർത്തിയത്.

