ലൈഫ് മിഷന്‍ കോഴക്കേസ്: ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നാലുദിവസം കൂടി നീട്ടി

കൊച്ചി: ഇഡിയുടെ ആവശ്യപ്രകാരം ലൈഫ് മിഷന്‍ കോഴക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നാലുദിവസം കൂടി നീട്ടി. കസ്റ്റഡിയില്‍ കൂടുതല്‍ ചോദ്യംചെയ്യേണ്ടതുണ്ടെന്നും നാലുദിവസത്തിനകം ചോദ്യംചെയ്യല്‍ പൂര്‍ത്തിയാവുമെന്നും ഇ ഡി കോടതിയെ അറിയിച്ചു. കോഴയിടപാടില്‍ ശിവശങ്കറിന്റെ ഇടപെടലിന് കൂടുതല്‍ വ്യാപ്തിയുണ്ടെന്നും ഇ ഡി പറഞ്ഞു.

അതേസമയം, ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി ഇല്ലെന്ന് ശിവശങ്കര്‍ കോടതിയെ അറിയിച്ചു. ചോദ്യംചെയ്യലിനോട് ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്ന് ഇ ഡി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കോഴപ്പണം കണ്ടെത്തിയ ലോക്കര്‍ തുറന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ലൈഫ് മിഷന്‍ മുന്‍ സി.ഇ.ഒ യു.വി ജോസ് എന്നിവരെ ശിവശങ്കറിനൊപ്പമിരുത്തി ചോദ്യം ചെയ്തിരുന്നു. ശിവശങ്കറിന്റെയും സ്വപ്നയുടെയും വാട്‌സ്ആപ്പ് ചാറ്റുകളുടെ വ്യക്തത തേടി മുഖ്യമന്ത്രിയുടെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെയും ഇഡി വീണ്ടും വിളിച്ചുവരുത്തും.