ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ആവശ്യം തള്ളി; മുഹമ്മദ് ഫൈസലിന്റെ ശിക്ഷ മരവിപ്പിച്ചതിന് സുപ്രീംകോടതി സ്‌റ്റേ ഇല്ല

ന്യൂഡല്‍ഹി: വധശ്രമ കേസില്‍ ലക്ഷദ്വീപ് മുന്‍ എം.പി മുഹമ്മദ് ഫൈസലിന്റെ ശിക്ഷ സസ്പെന്‍ഡ് ചെയ്തത ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതി സ്‌റ്റേയില്ല. സ്റ്റേ ചെയ്യണമെന്ന ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ആവശ്യം ഇപ്പോള്‍ അംഗികരിക്കുന്നില്ലെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

കേസില്‍ മുഹമ്മദ് ഫൈസലിന് നോട്ടീസ് നല്‍കും. ഹര്‍ജി വിശദമായി പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ കേസിലെ പരാതിക്കാരന്‍ മുഹമ്മദ് സാലിഹും ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.

അതേസമയം, ശിക്ഷാ വിധി മരവിപ്പിച്ച ഹൈക്കോടതി നടപടി തെളിവുകള്‍ കണക്കിലെടുക്കാതെയാണെന്നും ഇതില്‍ ഹൈക്കോടതിക്ക് പിഴവ് സംഭവിച്ചെന്നും ആയിരുന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.