കൊച്ചി: ചാർജ് കൂട്ടാൻ ലാഭം മറച്ചുവെച്ച് കെഎസ്ഇബിയുടെ കള്ളക്കളി. ചരിത്രത്തിലാദ്യമായി ലാഭത്തിലെത്തിയ കെഎസ്ഇബി ഇക്കാര്യം മറച്ചുവയ്ക്കുന്ന റിപ്പോർട്ടുമായാണ് നിരക്കുവർധന ആവശ്യപ്പെട്ട് വൈദ്യുതി റഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകിയത്. 16,249.35 കോടി രൂപയാണ് 2021-22ൽ പുറത്തുനിന്നുള്ള ഏജൻസി ഓഡിറ്റ് ചെയ്ത കണക്കിൽ വൈദ്യുതി ബോർഡിന്റെ ചെലവ്. 16,985.62 കോടി രൂപയാണ് വരുമാനം. 736.27 കോടി രൂപയാണ് ലാഭം.
സാമ്പത്തികവർഷം തുടങ്ങും മുൻപുള്ള കണക്കെടുപ്പിൽ 998.53 കോടി കമ്മി കണക്കാക്കിയിടത്താണ് 736.27 കോടി ലാഭമുണ്ടാക്കിയത്. ഈ ലാഭം മറച്ചുവയ്ക്കാൻ ചെലവ് അധികരിച്ചു കാണിച്ചാണ് ബോർഡ് റഗുലേറ്ററി കമ്മിഷന് മുന്നിൽ ട്രൂയിങ് അപ് പെറ്റിഷൻ നൽകിയത്. ഇതിൽ വരവും ചെലവും 16,635.94 കോടി എന്ന ഒരേ തുകയിലെത്തിച്ചു. 4 വർഷം തുടർച്ചയായി വൈദ്യുതി നിരക്കു വർധിപ്പിക്കണമെന്ന ആവശ്യവും ബോർഡ് ഉന്നയിച്ചു. നിരക്കു വർധനയിലൂടെ ഈ സാമ്പത്തിക വർഷം 1044.43 കോടി രൂപ ലഭിക്കണമെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. ഈ സാമ്പത്തിക വർഷം യൂണിറ്റിന് 40 പൈസ, അടുത്തവർഷം 36 പൈസ, 2025-26ൽ യൂണിറ്റിന് 13 പൈസ എന്നിങ്ങനെ വർദ്ധിപ്പിക്കണമെന്നാണ് നിലവിൽ കെഎസ്ഇബി ആവശ്യപ്പെടുന്നത്.
കെഎസ്ഇബിയുടെ ജനറേഷൻ യൂണിറ്റ് 116.38 കോടി രൂപയും ട്രാൻസ്മിഷൻ യൂണിറ്റ് 119.99 കോടിയും ഡിസ്ട്രിബ്യൂഷൻ യൂണിറ്റ് 253.50 കോടിയും ലാഭമുണ്ടാക്കിയെന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, ലാഭവും നഷ്ടവുമില്ലെന്ന കണക്കുമായാണ് ബോർഡ് ചാർജ് വർധന ആവശ്യപ്പെട്ടത്.

