കണ്ണൂർ: കൊട്ടിയൂർ കൂനംപള്ള കോളനിയിൽ ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തി. പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടുന്ന സംഘമാണ് മേഖലയിലെത്തിയത്. ആറളം പോലീസ് മാവോയിസ്റ്റുകൾക്കായി പരിശോധന ആരംഭിച്ചു. ആറളം പൊലീസിന്റെ നേതൃത്വത്തിലുള്ള തണ്ടർബോൾട്ട് സംഘമാണ് പരിശോധന നടത്തുന്നത്.
ശനിയാഴ്ച രാത്രി 7 മണിയോടെയാണ് 2 പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടുന്ന നാലംഗ മാവോയിസ്റ്റ് സംഘം കൂനംപള്ള കോളനിയിൽ എത്തിയത്. ഭക്ഷണ സാധനങ്ങൾ ശേഖരിച്ച് 11 മണിയോടെ ഇവർ മടങ്ങിയെന്നാണ് റിപ്പോർട്ട്. തമിഴും ഹിന്ദിയും കലർന്ന മലയാളമാണ് ഇവർ സംസാരിച്ചിരുന്നതെന്നാണ് കോളനി നിവാസികൾ പോലീസിനോട് വ്യക്തമാക്കിയത്.
ആറളത്തും കൊട്ടിയൂരും പരിസര പ്രദേശങ്ങളിലും മുൻപും മാവോയിസ്റ്റ് സംഘം എത്തിയിട്ടുണ്ട്. അടുത്ത ദിവസവും മാവോയിസ്റ്റുകൾക്കായി തെരച്ചിൽ തുടരാനാണ് പോലീസിന്റെ തീരുമാനം. ആറളം വിയറ്റ്‌നാം കുറിച്ചി കോളനിയിൽ രണ്ടാഴ്ച മുൻപ് അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. ഇവർക്കെതിരെ യുഎപിഎ നിയമപ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് മേഖലയിൽ വീണ്ടും മാവോയിസ്റ്റുകളെത്തിയത്.

