കറുപ്പ് കണ്ടാല്‍ മുഖ്യമന്ത്രി എന്തിനാണ് ഓടി ഒളിക്കുന്നത്: കെ. സുരേന്ദ്രന്‍

തൃശൂര്‍: മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദികളില്‍ കറുപ്പിന് വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രംഗത്ത്. കറുപ്പ് കണ്ടാല്‍ മുഖ്യമന്ത്രി എന്തിനാണ് ഓടി ഒളിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

അതേസമയം, ‘ആകാശ് തില്ലങ്കേരിയും ഗുണ്ടാ സംഘങ്ങളും ഉള്‍പ്പെട്ട എല്ലാ കേസുകളും ശരിയായി അന്വേഷിക്കണം. വിധി പറഞ്ഞ പല കേസുകളിലും പുനരന്വേഷണവും ആവശ്യമാണ്. ഇതുവരെ പുറത്തു വരാത്തതും അന്വേഷണം പൂര്‍ത്തിയായതുമായ പല കേസുകളിലും ഇവര്‍ക്ക് പങ്കുണ്ട് എന്നതാണ് പരസ്പരമുള്ള കൊലവിളികളില്‍ നിന്നും മനസ്സിലാകുന്നത്. അതിനാല്‍ ആകാശും സംഘവും ഉള്‍പ്പെട്ട എല്ലാ കേസുകളിലും പുനരന്വേഷണം ആവശ്യമാണ്. സി.എം രവീന്ദ്രന്റെ പങ്കാളിത്തം പുറത്തു വന്നിട്ട് ഇത്രയും സമയമായിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. സിഎം രവീന്ദ്രനാണ് ഇവിടുത്തെ യഥാര്‍ത്ഥ സിഎം. ചുവപ്പ് കണ്ട കാള എന്നു പറയുന്നതു പോലെ കറുപ്പ് കണ്ട പിണറായി എന്ന് പറയേണ്ട അവസ്ഥയാണ് കേരളത്തിലുള്ളത്. ജനങ്ങളെ അദ്ദേഹത്തിന് ഭയമാണ്. മുഖ്യമന്ത്രി ജനങ്ങളില്‍ നിന്നും ഒളിച്ചോടുകയാണ്’- സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.