തിരുവനന്തപുരം: ആധുനിക കൃഷിരീതി പരിശീലനത്തിന് ഇസ്രായേലിലേക്ക് അയച്ച സംഘത്തില്‍ നിന്ന് കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യന് മുങ്ങിയത് ആസൂത്രിതമായിട്ടാണെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു.
‘നല്ല ഉദ്ദേശത്തോടെയാണ് കര്‍ഷക സംഘത്തെ ഇസ്രായേലിലേക്ക് അയച്ചത്. വിശദമായ പരിശോധനക്ക് ശേഷമാണ് കര്‍ഷകരെ തെരഞ്ഞെടുത്തത്. വളരെ ആസൂത്രിതമായാണ് ബിജു കുര്യന് മുങ്ങിയത്. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് അദ്ദേഹം ചെയ്തത്. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. ബിജുവിന്റെ കുടുംബാംഗങ്ങള്‍ എന്നെ വിളിച്ച് ക്ഷമ ചോദിച്ചു. സഹോദരനുമായി ഫോണില്‍ സംസാരിച്ചു. ഇസ്രായേലിലും എംബസിയിലും പരാതി നല്‍കിയിട്ടുണ്ട്. സംഘം നാളെ തിരിച്ചെത്തിയശേഷം നിയമനടപടിയെക്കുറിച്ച് ആലോചിക്കും’- മന്ത്രി വ്യക്തമാക്കി.
അതേസമയം, 27 കര്‍ഷകരെയാണ് ആധുനിക കൃഷിരീതി പഠിക്കാന്‍ ഇസ്രയേലിലേയ്ക്ക് കൃഷിവകുപ്പ് അയച്ചത്. സംഘം നാളെ തിരിച്ചു നാട്ടിലേക്ക് മടങ്ങാനിരിക്കേയാണ് ബിജു കുര്യനെ കാണാതായത്. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നതിനിടയില്‍ തന്നെ അന്വേഷിക്കേണ്ടെന്നും താന്‍ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നും വ്യാഴാഴ്ച രാവിലെ ഇയാള്‍ ഭാര്യയ്ക്ക് വാട്സ്ആപ്പിലൂടെ സന്ദേശം അയച്ചു. പിന്നീട് ബിജുവിനെ ഫോണില്‍ കിട്ടുന്നില്ല. നാട്ടിലേക്ക് വരുന്നില്ലെന്ന് പറയുന്നതിന്റെ കാരണം വ്യക്തമല്ലെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി.

