ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് അമേരിക്കന്‍ സെനറ്റില്‍ പ്രമേയം. ഇന്ത്യയുടെ പരമാധികാരത്തേയും ഇന്ത്യയുടെ ഭൂപ്രദേശങ്ങളുടെ അധികാരത്തേയും പ്രമേയം പിന്തുണയ്ക്കുന്നു. സെനറ്റര്‍മാരായ ജെഫ് മര്‍ക്കലി, ബില്‍ ഹാഗെര്‍ട്ടി എന്നിവരാണ് പ്രമേയം അവതരിപ്പിച്ചത്.
‘ഇന്ത്യന്‍ സംസ്ഥാനമാണ് അരുണാചല്‍ പ്രദേശ്. അത് അങ്ങനെ തന്നെയാണ് അമേരിക്ക കാണുന്നത്. ആ പ്രദേശം ഒരിക്കലും ചൈനയുടെ ഭാഗമല്ല. സമാന ചിന്താഗതി പുലര്‍ത്തുന്ന കൂടുതല്‍ രാജ്യങ്ങള്‍ ഈ മേഖലയിലേക്ക് സഹായവും പിന്തുണയും നല്‍കണം.ഇന്തോ-പസഫിക് മേഖലയ്ക്ക് ചൈന ഒരു ഭീഷണിയാണ്. ഈ സമയം മേഖലയിലെ തന്ത്രപ്രധാന പങ്കാളിയായ ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത് അമേരിക്കയെ സംബന്ധിച്ചിടത്തോളം ഏറെ ആവശ്യമാണ്. അരുണാചല്‍ പ്രദേശില്‍ ഇന്ത്യ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളും ഏറെ പ്രശംസനീയമാണ്. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ മാറ്റം വരുത്താനും അവിടെ പ്രകോപനം ഉണ്ടാക്കാനുമുള്ള ചൈനയുടെ നീക്കം അപലപനീയമാണ്. ചൈനയുടെ ഭാഗത്ത് നിന്ന് ഉയരുന്ന സുരക്ഷാ ഭീഷണികളും ആക്രമണങ്ങളും പ്രതിരോധിക്കാന്‍ ഇന്ത്യ സ്വീകരിക്കുന്ന നടപടികള്‍ അഭിനന്ദനാര്‍ഹമാണ്’ പ്രമേയത്തില്‍ പറയുന്നു. എന്നാല്‍ സൈനിക ശക്തി ഉപയോഗിച്ച് യഥാര്‍ത്ഥ നിയന്ത്രണ രേഖ മറികടക്കാനും പ്രകോപനം ഉണ്ടാക്കാനുമാണ് ചൈനയുടെ നീക്കമെന്നും പ്രമേയം വിമര്‍ശിക്കുന്നു.
ടിബറ്റില്‍ നിന്ന് ഉയരുന്ന ഒരു ട്രാന്‍സ്ബൗണ്ടറി നദിയാണ് ലോഹിത്. ഈ നദി വഴി പ്രവേശിക്കാന്‍ ചൈനീസ് സൈന്യം ശ്രമിക്കുന്നത് ഇന്ത്യന്‍ സൈന്യം പലപ്പോഴും കണ്ടെത്തിയിട്ടുണ്ട്. അരുണാചല്‍ പ്രദേശിന്റെ വടക്ക്-പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഭൂട്ടാനുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയാണ് തവാങ്. ഏകദേശം 10,000 അടി ഉയരത്തിലാണ് തവാങ് സ്ഥിതി ചെയ്യുന്നത്. പ്രമുഖ ബുദ്ധ തീര്‍ത്ഥാടന കേന്ദ്രങ്ങളുള്ള വളരെ പ്രസിദ്ധവും, ആകര്‍ഷകവുമായ ഒരു ഹില്‍ സ്റ്റേഷനാണിത്. ദക്ഷിണ ടിബറ്റിന്റെ ഭാഗമായാണ് അരുണാചല്‍ പ്രദേശിന്റെ മുഴുവന്‍ ഭാഗവും ചൈന അവകാശപ്പെടുന്നത്.

