വയനാട്: ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് രാഹുൽ ഗാന്ധി. വിശ്വനാഥന്റെ മരണത്തിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
വിശ്വനാഥന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും രാഹുൽ ഗാന്ധി കത്തിൽ പറയുന്നു. അതേസമയം, സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. വിശ്വനാഥന്റെ റീ പോസ്റ്റുമോർട്ടം നടത്തിയേക്കാനാണ് സാധ്യത. ആശുപത്രി പരിസരത്ത് വിശ്വനാഥനെ ചോദ്യംചെയ്തവരെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന പോലീസ് ആരംഭിച്ചു.
വിശ്വനാഥന്റെ അമ്മയുടെയും സഹോദരന്റെയും മൊഴിയെടുക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. ആൾക്കൂട്ട വിചാരണ നടത്തി വിശ്വനാഥനെ കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ പരാതി. കഴിഞ്ഞ ബുധനാഴ്ചയാണ് വിശ്വനാഥനെ മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യയുടെ പ്രസവത്തിനായാണ് വിശ്വനാഥൻ ആശുപത്രിയിൽ എത്തിയത്. എന്നാൽ ഇയാൾക്കെതിരെ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ചുവെന്നാണ് ബന്ധുക്കൾ വ്യക്തമാക്കിയത്. ഇല്ലാത്ത കുറ്റം ആരോപിച്ചതിൽ വിശ്വനാഥന് ദേഷ്യവും സങ്കടവും ഉണ്ടായിരുന്നുവെന്നും അതിനുശേഷമാണ് ഇയാളെ കാണാതായതെന്നുമായിരുന്നു വിശ്വനാഥന്റെ ഭാര്യാ മാതാവിന്റെ ആരോപണം.

