സ്ത്രീത്വത്തെ അപമാനിച്ചു; വനിതാ നേതാവിന്റെ പരാതിയിൽ ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്ത് പോലീസ്

കണ്ണൂർ: ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്ത് പോലീസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് നടപടി. സോഷ്യൽ മീഡിയ വഴി തന്നെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി വനിതാ നേതാവാണ് ആകാശ് തില്ലങ്കേരിക്കെതിരെ പരാതി നൽകിയത്. മന്ത്രി എംബി രാജേഷിന്റെ പേഴ്‌സണൽ സ്റ്റാഫിന്റെ ഭാര്യയാണ് പരാതിക്കാരിയായ ശ്രീലക്ഷ്മി അനൂപ്.

ഫേസ്ബുക്കിലൂടെ തനിക്കെതിരെ ആകാശ് തില്ലങ്കേരി അപവാദ പ്രചാരണം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ആകാശിനെതിരെ ഡിവൈഎഫ്‌ഐ കമ്മിറ്റിയിൽ സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും ആകാശും സുഹൃത്തുക്കളും തന്നെ ഫേസ്ബുക്കിലൂടെ അധിക്ഷേപിക്കുകയാണെന്നും പരാതിയിൽ ശ്രീലക്ഷ്മി ആരോപിക്കുന്നു.

ആകാശ് തില്ലങ്കേരിക്കെതിരെ രൂക്ഷവിമർശനവുമായി ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയും രംഗത്തെത്തിയിരുന്നു. ഡിവൈഎഫ്ഐ നേതാക്കളേയും രക്തസാക്ഷി കുടുംബങ്ങളേയും ആകാശ് തില്ലങ്കേരി അധിക്ഷേപിക്കുകയാണെന്നും സംഘടനയെ അധിക്ഷേപിക്കുന്ന സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങളെ പ്രതിരോധിക്കുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു. വാർത്താക്കുറിപ്പിലൂടെയാണ് കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.

ജന്മിവാഴിത്തത്തിനെതിരെ വീറുറ്റ പോരാട്ടം നയിച്ച് 11 പേർ രക്തസാക്ഷിത്വം വരിച്ച നാടാണ് തില്ലങ്കേരി. ആ നാടിന്റെ ചരിത്രവും പേരും തങ്ങളുടെ സ്ഥാപിത താത്പര്യത്തിനായി ഉപയോഗിച്ച് ജീവിക്കുന്ന ചില ഇത്തിൾക്കണ്ണികൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഉണ്ടെന്നും ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റി വിമർശിച്ചു. പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന് വെളിപ്പെടുത്തിയ ആകാശ് തില്ലങ്കേരിയെ തള്ളിപ്പറഞ്ഞ് എം.വി ജയരാജനും രംഗത്തെത്തിയിരുന്നു.