കെഎസ്ആര്‍ടിസി ജീവനക്കാരുടെ വിരമിക്കല്‍ അനുകൂല്യം; ഇടക്കാല ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ വിരമിക്കല്‍ അനുകൂല്യം സംബന്ധിച്ച ഇടക്കാല ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി. കൂടുതല്‍ വിശദീകരണം നല്‍കാനുണ്ടെന്ന് കെഎസ്ആര്‍ടിസി അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. നാളെ കേസ് വീണ്ടും പരിഗണിക്കാമെന്ന് സിംഗിള്‍ ബെഞ്ച് അറിയിച്ചു.

കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച 198 ജീവനക്കാര്‍ക്ക് ഈ മാസം 28 ന് മുന്‍പ് പെന്‍ഷന്‍ അനുകൂല്യം നല്‍കണം എന്ന് ഹൈക്കോടതി ഇന്നലെ ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. കോടതിയെ സമീപിച്ച 88 പേര്‍ക്ക് അമ്പത് ശതമാനം ആനുകൂല്യം ഉടന്‍ നല്‍കാനാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, ഇത്രയും തുക ഒരുമിച്ച് നല്‍കാന്‍ കഴിയില്ലെന്നും ഇടക്കാല ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്നും കെഎസ്ആര്‍ടിസി ഇന്നലെ വ്യക്തമാക്കി.

അതേസമയം, എല്ലുമുറിയെ ജീവനക്കാര്‍ അധ്വാനിച്ചിട്ടും വരുമാനം മുഴുവന്‍ ബാധ്യതകള്‍ തീര്‍ക്കാന്‍ ഉപയോഗിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയില്‍ ജീവനക്കാര്‍ എന്തിന് ബുദ്ധിമുട്ടണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇന്നലെ ചൂണ്ടിക്കാട്ടി.