ചെന്നൈ: ഇന്ത്യയിൽ വമ്പൻ നിക്ഷേപത്തിന് ഒരുങ്ങി ഓട്ടോമൊബൈൽ നിർമ്മാതാക്കളായ റെനോയും നിസാനും. തമിഴ്‌നാട്ടിൽ 5300 കോടിയുടെ നിക്ഷേപമാണ് കമ്പനികൾ നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. തമിഴ്നാട് സർക്കാർ പ്രമോട്ടഡ് നോഡൽ ഏജൻസി ഗൈഡൻസ് ബ്യൂറോ എംഡിയും സിഇഒയുമായ വിഷ്ണു വേണുഗോപാലും റെനോ ഇന്ത്യ സിഇഒ വെങ്കട്ട്റാം മാമില്ലപ്പള്ളിയും ഇതുസംബന്ധിച്ച ധാരണാപത്രം കൈമാറി. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, നിസാൻ ഗ്ലോബൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും അലയൻസ് ബോർഡ് അംഗവുമായ അശ്വനി ഗുപ്ത എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം കൈമാറിയത്.
ഉൽപ്പാദനവും ഗവേഷണ-വികസന പ്രവർത്തനങ്ങളും വർധിപ്പിക്കുക, ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കുക, കാർബൺ ന്യൂട്രൽ നിർമ്മാണത്തിലേക്ക് മാറുക എന്നീ ലക്ഷ്യങ്ങളോടെയുള്ള പുതിയ ദീർഘകാല വീക്ഷണമാണ് സഖ്യം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. റെനോ നിസാൻ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ആൻഡ് ബിസിനസ് സെന്ററിൽ 2,000 പുതിയ തൊഴിലവസരങ്ങളാണ് ഈ നിക്ഷേപത്തിലൂടെ ഉണ്ടാകുന്നത്.
ഏകദേശം 5300 കോടിയുടെ പ്രാരംഭ നിക്ഷേപം ആസൂത്രണം ചെയ്തിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. പുനരുപയോഗ ഊർജ ഉൽപ്പാദനത്തിൽ ഗണ്യമായ വർദ്ധനവോടെ ആർഎൻഎഐപിഎൽ ഫാക്ടറി കാർബൺ ന്യൂട്രൽ ആയി മാറുമെന്നും കമ്പനി പ്രസ്താവിച്ചു. രണ്ട് ആഗോള ബ്രാൻഡുകളെ പ്രതിനിധീകരിച്ച് രണ്ട് ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ രണ്ട് കമ്പനികൾക്കിടയിൽ ആറ് പുതിയ മോഡലുകൾ പുറത്തിറക്കുന്നതിന് പുതിയ നിക്ഷേപം സാക്ഷ്യം വഹിക്കുമെന്ന് നിസാൻ ഗ്ലോബൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും അലയൻസ് ബോർഡ് അംഗവുമായ അശ്വനി ഗുപ്ത വിശദമാക്കി. ഇന്ത്യൻ വിപണിയെ വൈദ്യുതീകരിക്കാനും പരിസ്ഥിതിയിൽ ആഘാതം കുറയ്ക്കാനും റെനോയും നിസ്സാനും ഇന്ത്യൻ വിപണിയിൽ പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണ് എന്ന് നിസാന്റെ ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഇന്ത്യ, യൂറോപ്പ്, ഓഷ്യാനിയ മേഖലകളുടെ ചെയർപേഴ്സൺ ഗില്ലൂം കാർട്ടിയർ ചൂണ്ടിക്കാട്ടി. ഇന്ത്യയായിരിക്കും പുതിയ വാഹനങ്ങൾ, പുതിയ ഗവേഷണ-വികസന പ്രവർത്തനങ്ങൾ, പുതിയ കയറ്റുമതി വിപണികൾ എന്നിവയുമായി സഖ്യത്തിന്റെ ഈ പുതിയ അധ്യായത്തിന്റെ കേന്ദ്രബിന്ദുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

