തിരുവനന്തപുരം: കോയമ്ബത്തൂര്‍ ഉക്കടം കാര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ എന്‍ഐഎ റെയ്ഡ്. കേരളത്തില്‍ എറണാകുളം ആലുവയിലും പറവൂരും മട്ടാഞ്ചേരിയിലും എന്‍ ഐ എ സംഘമെത്തി. ആകെ 60 ഇടങ്ങളിലായാണ് റെയ്ഡ് നടക്കുന്നത്. കര്‍ണാടകയില്‍ മാത്രം 45 സ്ഥലങ്ങളില്‍ റെയ്ഡ് നടക്കുന്നുണ്ട്. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷാ മുബിന്റെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടക്കുന്നത്.
ഐഎസ്‌ഐഎസുമായി ബന്ധം പുലര്‍ത്തിയെന്ന് സൂചന കിട്ടിയവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് എന്‍ഐഎ റെയ്ഡ് നടക്കുന്നത്. ജമേഷ മുബിന്‍ ഭാര്യയെ തെറ്റിദ്ധരിപ്പിച്ചാണ് വീട്ടില്‍ സ്ഫോടക വസ്തുക്കള്‍ ശേഖരിച്ചതെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. പെട്ടികളില്‍ പഴയ തുണികളാണെന്നാണ് ഇയാള്‍ ബധിരയും മൂകയുമായ ഭാര്യ നസ്രത്തിനെ ധരിപ്പിച്ചിരുന്നത്.
അതേസമയം, ഐസ്‌ഐഎസ് പതാകയോട് സാമ്യമുള്ള ചിഹ്നം ആലേഖനം ചെയ്ത സ്ലേറ്റും അറബിയിലും തമിഴിലുമുള്ള തീവ്ര മത പ്രബോധനങ്ങളും പുസ്തകങ്ങളും വായിച്ച് തയ്യാറാക്കിയ കുറിപ്പുകളും ഇയാളുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ഐഎസ്‌ഐഎസ് പ്രചാരണ വീഡിയോകളടങ്ങിയ പെന്‍ഡ്രൈവും പോലീസ് പിടിച്ചെടുത്തിരുന്നു. ഇയാളുടെ കഴിഞ്ഞ നാല് വര്‍ഷത്തെ നീക്കങ്ങളും ബന്ധങ്ങളും പരിശോധിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബര്‍ 23ന് പുലര്‍ച്ചെ അഞ്ചോടെ കോയമ്ബത്തൂര്‍ ടൗണ്‍ഹാളിന് സമീപം കോട്ടൈ ഈശ്വരന്‍ കോവിലിന് മുന്നില്‍ കാറിലാണ് സ്‌ഫോടനമുണ്ടായത്. കാറിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറെന്ന് കരുതുന്ന രണ്ടെണ്ണത്തില്‍ ഒന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.

