ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ വ്യോമയാന വിപണിയായി മാറും; പ്രധാനമന്ത്രി

ന്യൂഡൽഹി: അധികം വൈകാതെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ വ്യോമയാന വിപണിയായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എയർ ബസിൽ നിന്ന് 250 വിമാനങ്ങൾ വാങ്ങാനുള്ള എയർ ഇന്ത്യയുടെ കരാർ പ്രഖ്യാപനത്തിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വീഡിയോ കോൺഫറൻസിലൂടെയാണ് പ്രഖ്യാപനം നടന്നത്. എയർ ഇന്ത്യയുടെ പ്രഖ്യാപനത്തെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. എയർ ബസിൽ നിന്ന് 40 എ-350 വിമാനങ്ങളും 210 എ-320 വിമാനങ്ങളും വാങ്ങാനാണ് എയർ ഇന്ത്യ കരാറിലേർപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വ്യവസായ- വാണിജ്യമന്ത്രി പിയൂഷ് ഗോയൽ, രത്തൻ ടാറ്റ, ടാറ്റാ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ, എയർ ബസ് സിഇഒ. തുടങ്ങിയവർ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.

വിമാനനിർമ്മാതാക്കളായ എയർ ബസിൽ നിന്ന് 250 വിമാനങ്ങൾ വാങ്ങാൻ എയർ ഇന്ത്യ കരാറൊപ്പിട്ടതായി ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരൻ അറിയിച്ചു. പ്രവർത്തന വിപുലീകരണത്തിന്റെ ഭാഗമായാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സഹകരണം കൂടുതൽ ദൃഢമാകുന്നതിന്റെ സൂചനയാണ് കരാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വ്യോമയാന രംഗത്തെ ഇന്ത്യയുടെ വർധിച്ചുവരുന്ന അഭിലാഷങ്ങളും വിജയങ്ങളും കരാർ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇൻഡോ- പെസഫിക് മേഖലയിലെ സ്ഥിരതയിലും സുരക്ഷാവിഷയങ്ങളിലും ആഗോള ഭക്ഷ്യസുരക്ഷയിലും ആരോഗ്യമേഖലയിലും ഇന്ത്യയും ഫ്രാൻസും ഗുണപരമായ സംഭാവനയാണ് നൽകുന്നത്. ഉഡാൻ പദ്ധതി പ്രകാരം രാജ്യത്തിന്റെ ഉൾപ്രദേശങ്ങളെ വിമാന മാർഗം ബന്ധിപ്പിക്കുകയാണെന്നും ജനങ്ങളുടെ സാമ്പത്തിക- സാമൂഹിക വികാസം ത്വരിതപ്പെടുത്താൻ ഇത് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.