ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. ബിബിസി ഓഫീസുകളിലെ പരിശോധനയുമായി ബന്ധപ്പെട്ടാണ് ശശി തരൂർ കേന്ദ്ര സർക്കാരിനെതിരെ രംഗത്തെത്തിയത്. ബിബിസി ഡോക്യുമെന്ററിയോടുള്ള തരംതാണ പ്രതികാരമായേ ലോകം ഇതിനെ കാണൂവെന്ന് അദ്ദേഹം വിമർശിച്ചു. ദയനീയമായ സെൽഫ് ഗോളാണ് ഈ റെയ്‌ഡെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഒരു സ്ഥാപനവും നിയമത്തിന് അതീതമല്ല. എന്നാൽ, ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിലും സ്റ്റുഡിയോകളിലും 20 ആദായനികുതി ഉദ്യോഗസ്ഥരുമായി നടന്ന റെയ്ഡ് ദയനീയമായ സെൽഫ് ഗോളാണ്. മാധ്യമസ്വാതന്ത്ര്യത്തെ അടിച്ചമർത്താനുള്ള ബിജെപി സർക്കാരിന്റെ നീക്കങ്ങളുടെ സ്ഥിരീകരണമാണിതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസും രംഗത്തെത്തിയിരുന്നു. അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്നാണ് കോൺഗ്രസ് നേതാവ് ജയറാം രമേശ് റെയ്ഡിനെ കുറിച്ച് പറഞ്ഞത്. അദാനിയുടെ വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെടുന്നു. എന്നാൽ സർക്കാർ ബിബിസിയിൽ പരിശോധന നടത്തുന്നു. വിനാശ കാലേ വിപരീത ബുദ്ധിയെന്നും കോൺഗ്രസ് പരിഹസിച്ചു. സിപിഎം വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.

