കേരളത്തിൽ ലഹരിമരുന്നിന് അടിമപ്പെടുന്ന കുട്ടികളിൽ ഭൂരിഭാഗം പേരും പെൺകുട്ടികൾ; റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: ലഹരി മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ട് കേരളാ പോലീസ്. കേരളത്തിൽ ലഹരിമരുന്നിന് അടിമപ്പെടുന്ന കുട്ടികളിൽ ഭൂരിഭാഗം പേരും പെൺകുട്ടികളാണെന്നാണ് കേരള പൊലീസിന്റെ സർവേ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. മയക്കുമരുന്നിന് ഇരകളായ 21 വയസിന് താഴെയുള്ളവരിൽ 40 ശതമാനം പേരും 18 വയസിന് താഴെയുള്ളവരാണെന്നും സർവേയിൽ പറയുന്നു.

പെൺകുട്ടികളെ കാരിയർമാരായും മയക്കുമരുന്ന് റാക്കറ്റുകൾ ഉപയോഗിക്കുന്നുണ്ടെന്നും പോലീസ് കണ്ടെത്തി. ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നത് മുൻപ് കോളേജുകളിലായിരുന്നു. എന്നാൽ ഇപ്പോൾ ലഹരി മരുന്ന് മാഫിയ സ്‌കൂളുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ചില സ്ത്രീകളെ ഉപയോഗിച്ചാണ് ലഹരി മരുന്ന് മാഫിയ പെൺകുട്ടികളെ ഈ മേഖലയിലെത്തിക്കുന്നത്. പെൺകുട്ടികളുമായി സൗഹൃദം നടിച്ച് അടുത്തുകൂടി ലഹരി ഉപയോഗിക്കാനായി അവരെ പ്രേരിപ്പിക്കാനാണ് ഈ സ്ത്രീകളെ ഉപയോഗിക്കുന്നത്.

ലഹരി മരുന്ന് ഉപയോഗം തടയാനായി സ്‌കൂൾ കുട്ടികൾക്ക് കൗൺസിലിംഗ് നൽകാനായി പോലീസ് പ്രത്യേക സംഘത്തെ അയച്ചിരുന്നു. ഈ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ നിർണായകമായ പല വിവരങ്ങളുമുണ്ട്. 13 വയസിന് മുകളിലുള്ള പെൺകുട്ടികളിൽ പലരും ലഹരി മരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും അതിന് ശേഷം അവർക്ക് നേരെ ലൈംഗികാതിക്രമങ്ങൾ നടന്നിട്ടുണ്ടെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.