കോഴിക്കോട്: കോഴിക്കോട് ആദിവാസി യുവാവ് വിശ്വനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇടപെടലുമായി ദേശീയ പട്ടിക വർഗ കമ്മീഷൻ. സംഭവത്തിൽ ദേശീയ പട്ടിക വർഗ കമ്മീഷൻ കേസെടുത്തു. കേസുമായി ബന്ധപ്പെട്ട് ഡിജിപി അനിൽ കാന്തിനും കോഴിക്കോട് ജില്ലാ കളക്ടർ ഡോക്ടർ നരസിംഹുഗാരി റെഡിയ്ക്കും സിറ്റി പൊലീസ് കമ്മീഷണർ രാജ്പാൽ മീണയ്ക്കും കമ്മീഷൻ നോട്ടീസ് അയക്കുകയും ചെയ്തു. പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് ദേശീയ പട്ടിക വർഗ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
സംഭവത്തിൽ മൂന്ന് ദിവസത്തിനകം വിവരങ്ങൾ കമ്മീഷന് മുൻപാകെ സമർപ്പിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. ഇതുവരെ സ്വീകരിച്ച നടപടികൾ ഏതൊക്കെയെന്ന് വിശദീകരിക്കണമെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ, കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പേര് വിവരങ്ങളും പട്ടികജാതി പട്ടികവർഗ അതിക്രമനിരോധന നിയമപ്രകാരം ചുമത്തിയ കേസ് സംബന്ധിച്ച വിവരങ്ങളും കമ്മീഷൻ ആവശ്യപ്പെട്ടു. വിശ്വനാഥന്റെ മരണത്തെ സംബന്ധിച്ച പൊലീസ് റിപ്പോർട്ട് പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ പൂർണമായി തള്ളി. എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഇൻക്വസ്റ്റ് നടത്താത്തത് വീഴ്ചയാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. മൂന്ന് ദിവസത്തിനുള്ളിൽ കത്ത് വഴിയോ നേരിട്ടോ മറ്റ് മാർഗങ്ങളിലോ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ അറിയിച്ചിട്ടുള്ളത്. അല്ലെങ്കിൽ സിവിൽ കോടതി നടപടികളിലേയ്ക്ക് കടക്കുമെന്നും നോട്ടീസിൽ പറയുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് വിശ്വനാഥനെ മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ പ്രസവത്തിനായാണ് വിശ്വനാഥൻ ആശുപത്രിയിൽ എത്തിയത്. എന്നാൽ ഇയാൾക്കെതിരെ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ചുവെന്നാണ് ബന്ധുക്കൾ വ്യക്തമാക്കിയത്. ഇല്ലാത്ത കുറ്റം ആരോപിച്ചതിൽ വിശ്വനാഥന് ദേഷ്യവും സങ്കടവും ഉണ്ടായിരുന്നുവെന്നും അതിനുശേഷമാണ് ഇയാളെ കാണാതായതെന്നുമായിരുന്നു വിശ്വനാഥന്റെ ഭാര്യാ മാതാവിന്റെ ആരോപണം.

