ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സമയത്തിന് പണം നല്‍കുന്നില്ലെന്ന പരാതിയില്‍ കേരളത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്. ജിഎസ്ടി നഷ്ടപരിഹാരമായി 5,000 കോടിയോളം രൂപ ലഭിക്കാനുണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദത്തിലെ വാസ്തവം എന്തെന്ന് എന്‍.കെ.പ്രേമചന്ദ്രന് എം പി ലോക്സഭയില്‍ ചോദിച്ചിരുന്നു. ഇതിനു മറുപടി പറയുകയായിരുന്നു ധനമന്ത്രി.
‘കേരളം കൃത്യസമയത്ത് രേഖകള്‍ ഹാജരാക്കാറില്ല. ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കാന്‍ എജി സാക്ഷ്യപ്പെടുത്തിയ രേഖ സമര്‍പ്പിക്കാറില്ല. 2017 മുതല്‍ കേരളം വീഴ്ച വരുത്തുന്നു. ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കുന്നതിന് കൃത്യമായ വ്യവസ്ഥകളുണ്ട്. നഷ്ടപരിഹാരം ലഭിക്കാന്‍ എജി സാക്ഷ്യപ്പെടുത്തിയ രേഖ സമര്‍പ്പിക്കണം. എന്നാല്‍, 2017 മുതല്‍ കേരളം രേഖ നല്‍കാറില്ല. സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവയ്ക്കുകയും അതിനു കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയുമാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പറയുമ്പോള്‍ അതിന് എങ്ങനെയാണ് കേന്ദ്രസര്‍ക്കാരിന് മറുപടി നല്‍കാനാവുക? 15-ാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം കേരളത്തിന് ലഭിക്കേണ്ട വിഹിതം കൃത്യമായി വര്‍ഷാവര്‍ഷം നല്‍കുന്നുമുണ്ട്’- കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

