2022 ജനുവരിക്ക് ശേഷം വിരമിച്ച ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ 50 കോടി രൂപ കൂടി വേണമെന്ന് കെഎസ്ആര്‍ടിസി. 1001 പേരില്‍ 23 പേര്‍ക്ക് മാത്രമേ ഇതുവരെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തിട്ടുള്ളൂ. 978 പേര്‍ക്കാണ് ഇനി ആനുകൂല്യങ്ങള്‍ നല്‍കാനുള്ളത്. വിരമിക്കല്‍ ആനുകൂല്യം നല്‍കാനായി വരുമാനത്തിന്റെ 10% നേരത്തെ മാറ്റി വെക്കാറുണ്ട്. എന്നാല്‍, കൊവിഡിന് ശേഷം ഇതിന് സാധിച്ചിട്ടില്ലെന്നും കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
അതേസമയം, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയില്ലെങ്കില്‍ സ്ഥാപനം പൂട്ടണം. അങ്ങനെ ചെയ്താല്‍ യാത്രക്കാര്‍ മറ്റ് വഴി കണ്ടെത്തിക്കോളുമെന്നും അല്ലാത്തപക്ഷം, ജീവനക്കാര്‍ക്ക് ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കണമെന്നും ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പത്താം തീയതിയായിട്ടും ശമ്പളം നല്‍കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്. വരുമാനം വര്‍ധിപ്പിക്കാനുള്ള മാനേജ്‌മെന്റിന്റെ ഒരു നടപടിയും സ്റ്റേ ചെയ്യില്ലെന്ന് ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ച് അറിയിച്ചു.
കെഎസ്ആര്‍ടിസി വാഹനങ്ങളുടെ നവീകരണത്തിനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി 75 കോടി രൂപ വകയിരുത്തിയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ 50 കോടി രൂപയായിരുന്ന തുകയാണ് 75 കോടി രൂപയാക്കി വര്‍ധിപ്പിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ അടിസ്ഥാന സൗകര്യ വികസനം, വര്‍ക്ക്ഷോപ്പ് ഡിപ്പോകളുടെ നവീകരണം എന്നിവയ്ക്കായി 30 കോടി രൂപയും കമ്പ്യൂട്ടര്‍വത്ക്കരണത്തിനായി 20 കോടി രൂപയും വകയിരുത്തി. ചെലവ് കുറഞ്ഞ നിര്‍മാണ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബസ് സ്റ്റേഷന്‍ മന്ദിരങ്ങള്‍ നിര്‍മിക്കുന്നതിനായി 20 കോടി രൂപ അധികമായി അനുവദിക്കും. ഇ- മൊബിലിറ്റി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 15.55 കോടി രൂപയും വകയിരുത്തിയിട്ടുണ്ടെന്ന് അറിയിച്ചു.

