വരാഹ രൂപം ഗാനം ഒറിജിനൽ കോമ്പൊസിഷൻ; നിലപാടിൽ ഉറച്ച് ഋഷഭ് ഷെട്ടി

കോഴിക്കോട്: കാന്താര സിനിമയിലെ വരാഹരൂപം ഗാനം കോപ്പിയല്ലെന്ന നിലപാടിൽ ഉറച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. വരാഹ രൂപം ഗാനം ഒറിജിനൽ കോമ്പൊസിഷനാണെന്ന് ചിത്രത്തിന്റെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി വ്യക്തമാക്കി. വരാഹരൂപം കോപ്പി അല്ലെന്ന് അദ്ദേഹം പറഞ്ഞു.

വരാഹരൂപം എന്ന ഗാനത്തിന്റെ പകർപ്പാവകാശ കേസിൽ ഇപ്പോൾ നടക്കുന്ന ചോദ്യം ചെയ്യൽ അടക്കം സ്വാഭാവിക നടപടികളാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കാന്താര സിനിമയ്ക്ക് നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

കേസുമായി ബന്ധപ്പെട്ട് സിനിമയുടെ സംവിധായൻ ഋഷഭ് ഷെട്ടി, നിർമ്മാതാവ് വിജയ് കിരഗന്ദൂർ എന്നിവർ ഇന്ന് കോഴിക്കോട് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ രാവിലെ ഹാജരാകണണെന്നായിരുന്നു ഇരുവർക്കും ലഭിച്ച നിർദ്ദേശം. കഴിഞ്ഞ ദിവസവും പോലീസ് ഇരുവരെയും ചോദ്യം ചെയ്തിരുന്നു.

സിനിമയിലെ ‘വരാഹരൂപം’ എന്ന ഗാനത്തിന്റെ സംഗീതം തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാന്റ് ചിട്ടപ്പെടുത്തിയ ‘നവരസം’ എന്ന ഗാനത്തിന്റെ പകർപ്പവകാശം ലംഘിച്ചുവെന്നായിരുന്നു ആരോപണം. വിവാദമായതിന് പിന്നാലെ തൈക്കുടം ബ്രിഡ്ജും ‘നവരസം’ ഗാനത്തിന്റെ ഉടമസ്ഥാവകാശം ഉള്ള മാതൃഭൂമിയും കോഴിക്കോട് ടൗൺ പൊലീസിൽ കാന്താര സിനിമയുടെ നിർമ്മാതാവിനും സംവിധായകനുമെതിരെ പരാതി നൽകുകയായിരുന്നു. ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാരായ പൃഥ്വിരാജ് ഉൾപ്പെടെ ഒമ്പത് എതിർ കക്ഷികളാണ് കേസിലുള്ളത്.