ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികൾ നീണ്ടുപോകുന്നതിനെതിരെ സുപ്രീം കോടതി. എന്തുകൊണ്ടാണ് കേസിൽ വിചാരണ നടപടികൾ നീണ്ടു പോകുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു. കേസിൽ പുതുതായി സാക്ഷികളെ കൊണ്ടുവരുന്നതിന്റെ ലക്ഷ്യമെന്താണെന്നും കോടതി ചോദിക്കുന്നു. പുതുതായി 41 സാക്ഷികളെ കൂടി വിസ്തരിക്കുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നും സംസ്ഥാനത്തിന് കോടതി നിർദ്ദേശം നൽകി. കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ദിനേഷ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം നിർദ്ദേശിച്ചത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി സത്യവാങ്മൂലം നൽകാനും കോടതി നിർദ്ദേശം നൽകി. ആറ് മാസം കൊണ്ട് വിചാരണ പൂർത്തിയാക്കണമെന്ന് ഉത്തരവുള്ള കേസിൽ 24 മാസമായി വിചാരണ നീണ്ടുപോകുകയാണെന്ന് ദീലിപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് വിസ്തരിച്ച 10 പേരെ വീണ്ടും വിളിച്ചുവരുത്തി, വിചാരണ നീട്ടിക്കൊണ്ട് പോകാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.
അതേസമയം, സാക്ഷികളെ വിസ്തരിക്കുന്നതിലുള്ള എതിർപ്പ് നാളെ സമർപ്പിക്കാമെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. വാദങ്ങൾ എഴുതി നൽകാൻ കോടതി നിർദ്ദേശം നൽകി. ഈ മാസം പതിനേഴിന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി കൂട്ടിച്ചേർത്തു.

