കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനല്ല; ആനയെ പിടിക്കാൻ വി ഡി സതീശനെ ഏൽപ്പിക്കാമെന്ന് എം എം മണി

ഇടുക്കി: കാട്ടാനകളുടെ ശല്യത്തിനെതിരെയുള്ള കോൺഗ്രസ് സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ എം എം മണി. കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനല്ലെന്ന് അദ്ദേഹം പറഞ്ഞു. ആനയെ പിടിക്കാൻ വി ഡി സതീശനെ ഏൽപ്പിക്കാമെന്നും അദ്ദേഹം പരിഹസിച്ചു.

കാട്ടാനശല്യം ഒഴിവാക്കാൻ സർക്കാർ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. സോണിയാ ഗാന്ധി ഇവിടെ വന്ന് ഭരിച്ചാലും ഇതിനപ്പുറം ഒന്നും ചെയ്യില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡി സി സി ജനറൽ സെക്രട്ടറി എം പി ജോസ് കാട്ടാന ശല്യത്തിനെതിരെ പൂപ്പാറയിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുകയാണ്. അക്രമകാരികളായ കാട്ടാനകളെ പിടികൂടുന്നത് വൈകിയാൽ മൂന്നാർ ഡി എഫ് ഒ ഓഫീസിന് മുന്നിലേക്ക് നിരാഹാര സമരം വ്യാപിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ എസ് അരുൺ പറഞ്ഞിരുന്നു.

ആന ശല്യത്തിനെതിരെ കെ എസ് അരുൺ ആരംഭിച്ച നിരാഹാര സമരമാണ് ഡി സി സി ജനറൽ സെക്രട്ടറി ഏറ്റെടുത്തത്. കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതുവരെ സമരം തുടരുമെന്നാണ് കോൺഗ്രസ് അറിയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് എം എം മണിയുടെ പ്രതികരണം.