എയ്റോ ഇന്ത്യ ഷോ 2023 ന് തുടക്കം കുറിച്ചു; ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി

ബെംഗളൂരു: എയ്റോ ഇന്ത്യ ഷോയുടെ 14-ാമത് എഡിഷന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെംഗളൂരുവിലെ യെലഹങ്കയിലെ എയർഫോഴ്സ് സ്റ്റേഷനിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. 2023 ലെ എയ്റോ ഇന്ത്യ ഇവന്റിന്റെ ഭാഗമായി ഒരു ബില്യൺ അവസരങ്ങൾക്ക് വഴിതുറക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്’ എന്നീ ആശയങ്ങളുടെ ഭാഗമായി ഇന്ത്യൻ നിർമ്മിത ഉപകരണങ്ങളും സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കുകയും വിദേശ സ്ഥാപനങ്ങളുമായി കരാറുണ്ടാക്കുകയും ചെയ്യും. 98 രാജ്യങ്ങളിൽ നിന്നുള്ള 809 കമ്പനികളാണ് എയ്റോ ഇന്ത്യ 2023ൽ പങ്കെടുക്കുന്നത്.

ഒരു ബില്യൺ അവസരങ്ങളിലേക്കുള്ള റൺവേ’ എന്നതാണ് എയ്റോ ഇന്ത്യ 2023ന്റെ പ്രമേയം. എയ്‌റോ ഇന്ത്യയിൽ വിവിധ ഇന്ത്യൻ, വിദേശ പ്രതിരോധ കമ്പനികൾ തമ്മിൽ 75,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന 251 കരാറുകൾ ഒപ്പുവെക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.