കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാനെത്തിയ ആദിവാസി യുവാവിനെതിരെ നടന്ന ആൾക്കൂട്ട ആക്രമണവും അദ്ദേഹത്തിന്റെ മരണവും അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വയനാട് സ്വദേശിയായ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ ശക്തമായ നടപടിയെടുക്കണം. അട്ടപ്പാടി മധുവിനെതിരെ നടന്നതിന് സമാനമായ രീതിയിലാണ് വിശ്വനാഥനെതിരെയും ആൾക്കൂട്ട ആക്രമണം നടന്നതെന്ന് അദ്ദേഹം പറഞ്ഞു.
മോഷണകുറ്റം ആരോപിച്ച് തല്ലിക്കൊല്ലുന്ന രീതിയിലേക്ക് നമ്മുടെ സമൂഹം എത്തിയത് ഞെട്ടിക്കുന്നതാണ്. ദളിത്- ആദിവാസി വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ കേരളത്തിൽ വർധിക്കുകയാണ്. സംഭവത്തിൽ പൊലീസിന്റെ അനാസ്ഥ വ്യക്തമാണ്. വിശ്വനാഥനെ കാണതായ ദിവസം തന്നെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടും അന്വേഷണം നടത്താൻ കൂട്ടാക്കാതിരുന്ന പൊലീസ് അവരെ അധിക്ഷേപിക്കുകയായിരുന്നുവെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
പൊലീസ് നീതിപൂർവ്വം പ്രവർത്തിച്ചിരുന്നെങ്കിൽ ഇത്തരമൊരു ദാരുണ സംഭവം ഉണ്ടാകില്ലായിരുന്നു. മധുവിന്റെ കേസിലും പൊലീസിന്റെ വീഴ്ച പ്രകടമായിരുന്നു. പിണറായി സർക്കാരിന്റെ ഭരണത്തിൽ കേരളം ആൾക്കൂട്ട മർദനങ്ങളുടെ പേരിൽ കുപ്രസിദ്ധിയാർജിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

