സ്ത്രീകളെ പൊതുരംഗത്ത് നിന്നും തടയുന്ന താലിബാൻ ശൈലി കേരളത്തിൽ കൊണ്ടുവരാനുള്ള ശ്രമം കരുതലോടെ കാണണം; മുസ്ലിം ഗേൾസ് ആൻഡ് വിമൻസ് മൂവ്‌മെന്റ്

മലപ്പുറം: സ്ത്രീകളെ പൊതുരംഗത്ത് നിന്നും തടയുന്ന താലിബാൻ ശൈലി കേരളത്തിൽ കൊണ്ടുവരാനുള്ള ശ്രമം കരുതലോടെ കാണണമെന്ന് കെ എൻ എം വനിതാ വിഭാഗമായ മുസ്ലിം ഗേൾസ് ആൻഡ് വിമൻസ് മൂവ്‌മെന്റ്. സ്ത്രീകളുടെ പള്ളിപ്രവേശനവും പൊതുരംഗ പ്രവേശവും തടയാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. എടവണ്ണ ജാമിഅ നദ്വിയ്യ വാർഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വനിതാ സമ്മേളനത്തിലാണ് ഇക്കാര്യം ചർച്ചാ വിഷയമായത്. ഇസ്ലാമിക സംസ്‌കാരം കാത്ത് സൂക്ഷിച്ചു കൊണ്ടു സ്ത്രീകൾക്ക് പൊതു രംഗത്ത് പ്രവർത്തിക്കാൻ കഴിയുമെന്നും സമ്മേളനം വ്യക്തമാക്കി.

ഇസ്ലാമിക ചരിത്രവും ലോകവും അതിനു സാക്ഷിയാണ്. ഇസ്ലാമിക ലോകത്തെ സ്ത്രീകൾ വിദ്യാഭ്യാസ, സാമൂഹിക രംഗത്ത് വലിയ നേട്ടങ്ങൾ കരസ്ഥമാക്കുന്നത് കണ്ണ് തുറന്നു കാണണം. ഇതൊന്നും കാണാതെ സ്ത്രീകളുടെ പുരോഗതിക്ക് തടസ്സം നിൽക്കുന്നത് അത്യന്തം അപലപനീയമാണ്. ഒരു ഭാഗത്ത് കപട ആത്മീയത കൊണ്ട് സ്ത്രീ നവോത്ഥാന പരിശ്രമങ്ങൾക്ക് തടസ്സം നിൽക്കുകയും മറ്റൊരു ഭാഗത്ത് പുരോഗമനത്തിന്റെ മറവിൽ സ്ത്രീകളെ അവഹേളിക്കുകയും ചെയ്യുന്ന അവസ്ഥയാണ് സമൂഹത്തിലുള്ളത്. എൽ ജി ബി ടി ക്യു യുടെയും ലൈംഗിക ന്യുനപക്ഷ സംരക്ഷണത്തിന്റെയും മറവിൽ സമൂഹത്തിൽ നില നിൽക്കുന്ന ധാർമിക സദാചാര മൂല്യങ്ങൾ തകർക്കാൻ വ്യാപകമായ ശ്രമം നടക്കുകയാണ്. ധാർമികസമൂഹത്തെ തകർക്കാനുള്ള ആഗോള ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്ന് വ്യക്തമാണ്. പെൺകുട്ടികളുടെ കഴിവുകളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ സമൂഹം തയ്യാറാവണമെന്നും സമ്മേളനം വ്യക്തമാക്കി.

സമ്മേളനം ഉദ്ഘാടനം നിർവ്വഹിച്ചത് എം ജി എം സംസ്ഥാന പ്രസിഡന്റ് സുഹ്‌റ മമ്പാടാണ്. അന്ധവിശ്വാസങ്ങളുടെ ഏറ്റവും വലിയ ഇരകൾ സ്ത്രീകളാണെന്നും അവരെ രക്ഷിക്കാൻ സമൂഹം ബോധപൂർവ്വം ഇടപെടണമെന്നും സുഹ്‌റ മമ്പാട് ആവശ്യപ്പെട്ടു. കപട ആത്മീയ കേന്ദ്രങ്ങളിൽ ചെന്ന് പണവും അഭിമാനവും നശിപ്പിക്കുന്ന സഹോദരിമാർ കണ്ണ് തുറക്കണമെന്നും മതം വിറ്റ് മനുഷ്യരെ പറ്റിക്കുന്നവരെ കരുതിയിരിക്കണമെന്നും സുഹ്‌റ കൂട്ടിച്ചേർത്തു.