കോഴിക്കോട്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ പൊതുമരാമത്ത്- ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിലെ ജനങ്ങളെ ഒന്നാകെ അമിത് ഷാ അപമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരളം സുരക്ഷിതമല്ലെന്ന് അമിത് ഷാ നടത്തിയ പരാമർശത്തിലാണ് മുഹമ്മദ് റിയാസിന്റെ പ്രതികരണം. വിഷയത്തിൽ കോൺഗ്രസ് മൗനം പാലിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
യഥാർഥത്തിൽ രാജ്യത്തിന് മതസൗഹാർദ്ദത്തിന്റെ മാതൃകയായി ചൂണ്ടിക്കാണിക്കാവുന്ന സംസ്ഥാനമാണ് കേരളം. അങ്ങനെയുള്ള കേരളത്തെ അപമാനിക്കുകയെന്നാൽ, അത് കേരളത്തിലെ ജനങ്ങളെ അപമാനിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന തിരുത്തണം. പറഞ്ഞുപോയതിന് മാപ്പ് പറയാൻ അമിത് ഷാ തയ്യാറാവണമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കേരളം സുരക്ഷിതമല്ലെന്ന സൂചിപ്പിക്കുന്ന പരാർമശം അമിത് ഷാ നടത്തിയത്. ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് അമിത് ഷാ ഇതുസംബന്ധിച്ച പരാമർശം നടത്തിയത്. അമിത് ഷായുടെ പരാമർശത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. മതനിരപേക്ഷ ചിന്തയോടെ ജനങ്ങൾ താമസിക്കുന്ന നാടാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. എന്താണ് കേരളത്തെ കുറിച്ച് അമിത് ഷാ അർധോക്തിയിൽ പറഞ്ഞ് നിർത്തിയതെന്ന് അദ്ദേഹം ചോദിച്ചു.
ഭരണം അതിസമ്പന്നർക്ക് വേണ്ടിയാവരുത്. നാട്ടിലെ പാവപ്പെട്ടവന് വേണ്ടിയാവണം ഭരണം. പട്ടിണിയും ദാരിദ്ര്യവും കൊടികുത്തി വാഴുകയാണ്. ഇതിനെതിരെ ജനങ്ങൾ പ്രതിഷേധിക്കാനിറങ്ങും. ആ കാര്യങ്ങൾ ജനങ്ങൾ ചിന്തിക്കാതിരിക്കാൻ വർഗീയ സംഘർഷമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

