തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനും തനിക്കുമിടയിൽ യാതൊരു അഭിപ്രായവ്യത്യാസവുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അധിക നികുതിക്കെതിരെയുള്ള സമരത്തിൽ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനും രണ്ടുതട്ടിലാണെന്ന വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹിയിൽ മാധ്യമങ്ങളെ കാണുന്നതിന് മുമ്പ് പ്രതിപക്ഷ നേതാവുമായി ആശയവിനിമയം നടത്താൻ സാധിച്ചില്ല. ഇതിന്റെ ആശയക്കുഴപ്പമാണ് തങ്ങൾക്ക് ഇരുവർക്കും ഇടയിലുണ്ടായത്. അധിക Cനികുതിക്കെതിരായ കോൺഗ്രസ് സമരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടി ആലോചിച്ച് തീരുമാനം എടുത്ത ശേഷം അറിയിക്കും. സാധ്യമായ തുറകളിലെല്ലാം നികുതി ബഹിഷ്കരണമുണ്ടാകും. പ്രായോഗികമായി എവിടെയൊക്കെ നികുതി ബഹിഷ്കരിക്കാൻ കഴിയുമോ അവിടെയെല്ലാം ബഹിഷ്കരണമുണ്ടാകുമെന്നും കെ സുധാകരൻ അഭിപ്രായപ്പെട്ടു.
വെള്ളക്കരം ബഹിഷ്കരിക്കാൻ സാധിക്കുന്നതാണെങ്കിൽ തങ്ങളും അത് ആലോചിക്കും. പിണറായി അന്ന് പറഞ്ഞതിന്റെ രാഷ്ട്രീയ സാഹചര്യം ഓർമ്മിപ്പിച്ച് ആ രീതിയിലേക്ക് കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനവും നികുതിക്കെതിരായി പ്രക്ഷോഭവുമായി മുന്നോട്ട് പോകും എന്നോർമ്മിപ്പിക്കാനാണ് ഞാനത് പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നികുതി വർദ്ധനവിന് എതിരെയുള്ള പ്രക്ഷോഭത്തിൽ നിന്ന് കോൺഗ്രസ് പിന്മാറില്ല. സമരവുമായി മുന്നോട്ട് പോവും. കൂടിയാലോചനകളുടെ യാതൊരു കുറവുമില്ല. തീപാറുന്ന സമരം തന്നെ കേരളത്തിൽ നടത്തും. അതിന്റെ രൂപവും ഭാവവും വരുന്ന ഏതാനും ദിവസങ്ങൾക്കുള്ളിൽ വ്യക്തത വരുത്തുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

