തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ വാഹനാപകട മരണത്തിൽ മാർച്ച് 10ന് വിചാരണ ആരംഭിക്കും. കേസുമായി ബന്ധപ്പെട്ട് കാർ ഡ്രൈവർ അർജുൻ കെ നാരായണന് മേൽ കോടതി കുറ്റം ചുമത്തി. മാർച്ച് 10ന് ഒന്നാം സാക്ഷി കോടതിയിൽ ഹാജരാകണമെന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ വിദ്യാധരൻ ഉത്തരവിട്ടു.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 34 എ പ്രകാരമുള്ള കുറ്റമാണ് അർജുനെതിരെ ചുമത്തിയിട്ടുള്ളത്. തുടർന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി ജൂലൈ 27നാണ് പ്രതിക്ക് മേൽ കുറ്റം ചുമത്താൻ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സാക്ഷി വേളയിൽ പുതിയ തെളിവുകളോ സാക്ഷിമുഴികളോ വന്നാൽ അപ്പോൾ കൂടുതൽ പേരെ പ്രതിചേർക്കുന്ന കാര്യം പരിഗണിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവാദി തടസ്സമാകില്ലെന്നും കോടതി അറിയിച്ചിരുന്നു.
സ്വർണക്കടത്ത് കേസിലെ പ്രതികളും സുഹൃത്തുക്കളും ചേർന്ന് ബാലഭാസ്കറിനെ കൊലപ്പെടുത്തിയതാണെന്നും മരണത്തിൽ സി ബി ഐയുടെ റിപ്പോർട്ട് തള്ളണമെന്നും ആവശ്യപ്പെട്ട് അച്ഛൻ ഉണ്ണി തിരുവനന്തപുരം സി ജെ എം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ബാലഭാസ്കർ കൊല്ലപ്പെട്ട വാഹനാപകടത്തിന് പിന്നിൽ അസ്വാഭാവികതയില്ലെന്നാണ് സി ബി ഐ കണ്ടെത്തൽ. വണ്ടിയോടിച്ചിരുന്ന അർജുനെ പ്രതിയാക്കി സി ബി ഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് കേസ്. അമിത വേഗതയിലും അശ്രദ്ധയോടെയും അർജുൻ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് സിബിഐ സംഘം കണ്ടെത്തി.

