വന്‍കിട പണക്കാരുടെ നികുതി പിരിക്കാതെ പാവങ്ങളെ കൊള്ളയടിക്കുകയാണ്; മുഖ്യമന്ത്രിക്കെതിരെ കെ. സുരേന്ദ്രന്‍

ആലപ്പുഴ: സംസ്ഥാനത്ത് വന്‍കിട പണക്കാരുടെ നികുതി പിരിക്കാതെ പാവങ്ങളെ കൊള്ളയടിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

കെ. സുരേന്ദ്രന്റെ വാക്കുകള്‍

‘സിഎജി റിപ്പോര്‍ട്ടിനെ കുറിച്ച് കള്ളക്കണക്കാണ് മുഖ്യമന്ത്രി നിരത്തുന്നത്. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ കുറിച്ചും കടത്തെ കുറിച്ചും വസ്തുതകള്‍ക്ക് നിരക്കാത്ത ന്യായീകരണമാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറയുന്നത്. കേന്ദ്രത്തെ അനാവശ്യമായി കുറ്റപ്പെടുത്തി സംസ്ഥാനത്തിന്റെ സാമ്പത്തിക തകര്‍ച്ചയെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി. തുര്‍ക്കിക്ക് 10 കോടി കൊടുക്കുന്നതിന് മുമ്പ് സ്വന്തം ജനങ്ങളുടെ ആത്മഹത്യ തടയാനാണ് മുഖ്യന്ത്രി തയ്യാറാവേണ്ടത്. ശമ്പളം കൊടുക്കാന്‍ കാശില്ലാത്തവര്‍ അഹങ്കാരം കാണിക്കാനാണ് തുര്‍ക്കിക്ക് 10 കോടി പ്രഖ്യാപിച്ചത്. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കിയ നികുതി വിഹിതവും സഹായവും സര്‍വ്വകാല റെക്കോഡാണ്. കേരളത്തിന്റെ ചരിത്രത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും മറ്റൊരു മുഖ്യമന്ത്രിക്കും കിട്ടാത്ത പരിഗണന നരേന്ദ്രമോദി പിണറായി വിജയന് നല്‍കിയിട്ടുണ്ട്. കേരളത്തിന് നികുതി വിഹിതം കുറഞ്ഞെന്നാണ് മുഖ്യമന്ത്രി പറയുന്നത്. 15ാം ധനകാര്യ കമ്മീഷനാണ് നികുതി വിഹിതം തീരുമാനിക്കുന്നത്. യുപിക്ക് കൂടുതല്‍ കൊടുത്തു, കേരളത്തിന് ഒന്നും കൊടുക്കുന്നില്ലെന്നത് വ്യാജപ്രചരണമാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ലഭിച്ചതിനേക്കാള്‍ കുറവാണ് ഇപ്പോള്‍ യുപിക്ക് ലഭിക്കുന്ന വിഹിതം. കേന്ദ്ര സഹായത്തെക്കുറിച്ചുള്ള ധവളപത്രം പുറത്തുവിടാന്‍ സര്‍ക്കാര്‍ എന്താണ് തയാറാവാത്തത്? കേന്ദ്രം നല്‍കിയ കോടികള്‍ പിടിപ്പുകേട് കാരണം സംസ്ഥാനം പാഴാക്കുകയാണ്. കേരളത്തില്‍ കടക്കെണി മൂലം ആത്മഹത്യ നടക്കുകയാണ്. കൊല്ലത്ത് സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്തത് എട്ട് മാസമായി ശമ്പളം മുടങ്ങിയിട്ടാണ്. സഹകരണ ബാങ്കിന്റെ ജപ്തി ഭീഷണി കാരണം കോട്ടയത്ത് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. സംസ്ഥാനത്ത് നടക്കുന്ന ആത്മഹത്യകളെ പറ്റി മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം.’