കൊച്ചി: കൊച്ചിയില്‍ സ്വകാര്യ ബസ് പാഞ്ഞുകയറി ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ കൊച്ചി ഡിസിപിയെ വിളിച്ചുവരുത്തി ഹൈക്കോടതി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം സംഭവം ഞെട്ടിക്കുന്നതാണെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഇനി ഒരു ജീവനും ഇത്തരത്തില്‍ നഷ്ടപ്പെടരുതെന്നും എന്തുകൊണ്ട് കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്നും ഡിസിപിയോട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദ്യമുന്നയിച്ചു. നിയമലംഘനങ്ങള്‍ എത്രനാള്‍ നോക്കിനില്‍ക്കും? ട്രാഫിക് ഉദ്യോഗസ്ഥര്‍ എന്തുകൊണ്ട് ബസിന്റെ അമിത വേഗത്തിനെതിരെ നടപടിയെടുത്തില്ലെന്നും കോടതി ചോദിച്ചു.
എന്നാല്‍, ഓവര്‍ടേകിങ് പാടില്ലെന്ന് നേരത്തേ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഓവര്‍ടേകിങ്ങിനെതിരെ നടപടി സ്വീകരിച്ചാല്‍ ബസ് യൂണിയനുകള്‍ സമരം തുടങ്ങുമെന്നും ഡിസിപി കോടതിയെ അറിയിച്ചു. അപകടകരമായ ഡ്രൈവിങ് നിയന്ത്രിക്കാന്‍ സ്വകാര്യ ബസുകളില്‍ ഹെല്‍പ്പ് നമ്ബര്‍ രേഖപ്പെടുത്താന്‍ സാധിക്കുമോയെന്നതു പരിശോധിക്കണമെന്നു കോടതി ആവശ്യപ്പെട്ടു. ഭയാശങ്കകളില്ലാതെ നടപടി സ്വീകരിക്കുവാന്‍ ട്രാഫിക് ഉദ്യോഗസ്ഥര്‍ക്കു പൂര്‍ണ പിന്തുണയുണ്ടെന്നു കോടതി വ്യക്തമാക്കി.
അതേസമയം, ഇന്നു രാവിലെ 8.15ന് കച്ചേരിപ്പടി മാധവ ഫാര്‍മസി ജംക്ഷനിലാണ് അപകടമുണ്ടായത്. കൊച്ചിയില്‍ മറൈന്‍ ഡ്രൈവ് ഭാഗത്ത് നിന്ന് കാക്കനാട് ഇന്‍ഫോപാര്‍ക്കിലേക്ക് പോവുകയായിരുന്ന സിംല എന്ന ബസിടിച്ച് വൈപ്പിന്‍ കര്‍ത്തേടം കല്ലുവീട്ടില്‍ ആന്റണി (46) ആണ് മരിച്ചത്. സിഗ്നലില്‍ നിന്ന ബസ് പച്ച ലൈറ്റ് തെളിഞ്ഞതോടെ വേഗത്തില്‍ പാഞ്ഞു. ഇതിനിടെ ബൈക്കിലിടിച്ചു. ആന്റണിയുടെ തലയിലൂടെ ബസ് കയറിയിറങ്ങി. ബസിന്റെ അമിതവേഗമാണ് അപകടത്തിനു കാരണമെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. അപകടത്തിന് കാരണമായ ബസ് ഓടിച്ചത് അശ്രദ്ധയോടെയാണ്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ എന്തെങ്കിലും ചെയ്തേ മതിയാവൂ. കേസ് പരിഗണിക്കുന്നതിനിടെ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കോടതി തുറന്ന മുറിയില്‍ കണ്ടു. ഫ്രീ ലെഫ്റ്റ് സംവിധാനം തീരെ ഇല്ലെന്നും കോടതി വിലയിരുത്തി.

