ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരുടെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ. 16 ലക്ഷത്തിലധികം പേരാണ് 2011 മുതലുള്ള കാലയളവിൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്. 2,25,620 പേരാണ് 2022-ൽ മാത്രം പൗരത്വം ഉപേക്ഷിച്ചതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2011 മുതലുള്ള കാലത്തെ ഏറ്റവും ഉയർന്ന കണക്കാണ്. വിഷയവുമായി ബന്ധപ്പെട്ട് രാജ്യസഭയിലുന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കറാണ് കണക്ക് പുറത്തുവിട്ടത്.
ഏറ്റവും കുറഞ്ഞ സംഖ്യ രേഖപ്പെടുത്തിയിട്ടുള്ളത്. 2020-ലാണ്. 85,256 പേരാണ് 2020-ൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്. 1,31,489 പേർ 2015 ൽ പൗരത്വം ഉപേക്ഷിച്ചു. 1,41,603 പേർ 2016 ലും, 1,33,049 പേർ 2017 ലും പൗരത്വം ഉപേക്ഷിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2018-ൽ 1,34,561 പേരാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്. 2019-ൽ 1,44,017 പേരും 2021-ൽ 1,63,440 പേരും പൗരത്വം ഉപേക്ഷിച്ചു. 16,63,440 പേരാണ് 2011 മുതൽ ഇതുവരെ ഇന്ത്യൻ പൗരത്വം വേണ്ടെന്നുവെച്ചതെന്നും കണക്കുകളിൽ വിശദമാക്കിയിട്ടുണ്ട്.
അതേസമയം, ഇന്ത്യയിൽ നിന്നുള്ളവർ പൗരത്വം നേടിയ 135 രാജ്യങ്ങളുടെ പട്ടികയും അദ്ദേഹം രാജ്യസഭയിൽ നൽകി. കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടെ അഞ്ച് ഇന്ത്യക്കാർ യുഎഇ പൗരത്വം കരസ്ഥമാക്കിയിട്ടുണ്ടെന്ന് എസ് ജയ്ശങ്കർ അറിയിച്ചു.

