ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും വിവാഹിതരായി

ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ സൂര്യഗഡ് പാലസില്‍ വെച്ച് വിവാഹിതരായി. ചടങ്ങില്‍ താരങ്ങളുടെ അടുത്ത സുഹൃത്തുക്കളും കുടുംബവും പങ്കെടുത്തു.

ഫെബ്രുവരി നാല് മുതല്‍ ആരംഭിച്ച ചടങ്ങുകളുടെ തുടര്‍ച്ചയായിട്ടായിരുന്നു വിവാഹം. ഷാഹിദ് കപൂര്‍, കരണ്‍ ജോഹര്‍, ഇഷ അംബാനി തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു. ഫെബ്രുവരി 12-ന് ഇരുവരും മുംബൈയില്‍ വിവാഹ സല്‍ക്കാരം ഒരുക്കുമെന്നാണ് വിവരങ്ങള്‍. ഇതിന് പിന്നാലെ ഡല്‍ഹിയിലും ഇവര്‍ വിരുന്നൊരുക്കും.

വരുണ്‍ ധവാന്‍ നായകനായി എത്തിയ ജഗ്ജഗ് ജീയോ ആണ് കിയാരയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ജനുവരി 20-ന് നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസായ മിഷന്‍ മജ്‌നുവാണ് സിദ്ധാര്‍ഥിന്റെ പുതിയ ചിത്രം.