അമ്മയുടെ ചികിത്സാ സമയത്താണ് റിസോർട്ടിൽ താമസിച്ചത്; വിശദീകരണവുമായി ചിന്ത ജെറോം

കൊല്ലം: കൊല്ലത്തെ ഫോർ സ്റ്റാർ ഹോട്ടലിൽ താമസിച്ചതിൽ വിശദീകരണവുമായി യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം. അനാരോഗ്യത്തിന്റെ അവശതകളുള്ള അമ്മയുടെ ചികിത്സാ സമയത്താണ് റിസോർട്ടിൽ താമസിച്ചതെന്നാണ് ചിന്ത ജെറോം വ്യക്തമാക്കുന്നത്. അറ്റാച്ച്ഡ് ബാത്‌റൂമില്ലാത്ത സ്വന്തം വീട് പുതുക്കി പണിയുന്ന സമയമായിരുന്നു റിസോർട്ടിൽ താമസിച്ചതെന്നും ചിന്ത ജെറോം അറിയിച്ചു.

റിസോർട്ടിന് വാടകയിനത്തിൽ നൽകിയത് ഇരുപതിനായിരം രൂപയാണെന്നും തന്റെ സാലറിക്കൊപ്പം അമ്മയുടെ പെൻഷൻ തുകയുമുപയോഗിച്ച് വാടക നൽകിയെന്നും ചിന്ത മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അറ്റാച്ച്ഡ് ബാത്‌റൂം വീട്ടിൽ ഇല്ലായിരുന്നു. അതിനാൽ വീട് പുതുക്കി പണിയേണ്ടി വന്നു. അമ്മയ്ക്ക് ആയുർവേദ ചികിത്സ ആവശ്യമായി വന്നു. അമ്മയെ ചികിത്സിക്കുന്ന ഡോക്ടർ താമസിക്കുന്നതിന്റെ അപാർട്ട്‌മെന്റിന്റെ താഴെ മുറി എടുക്കുകയായിരുന്നു. മാതാപിതാക്കളുടെ പെൻഷൻ ഉണ്ടെന്നും അമ്മയുടെ ചികിത്സയ്ക്കാണ് പ്രാധാന്യം നൽകിയതെന്നും ചിന്ത പറഞ്ഞു. തന്റെ സ്വകര്യ വിവരങ്ങൾ പുറത്തു പറയുന്നതിൽ ദുഃഖമുണ്ടെന്നും ചിന്ത ജെറോം വ്യക്തമാക്കി.

ഒന്നേമുക്കാൽ വർഷം കൊല്ലം തങ്കശ്ശേരിയിലെ ഫോർ സ്റ്റാർ ഹോട്ടലിൽ മൂന്ന് മുറികളുള്ള അപാർട്‌മെന്റിൽ ചിന്താ ജെറോം താമസിച്ചിരുന്നുവെന്നാണ് യൂത്ത് കോൺഗ്രസ് ആരോപിച്ചത്. പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് ഈ അപാർട്‌മെന്റിന്റെ വാടകയെന്നും ഇതനുസരിച്ച് 38 ലക്ഷത്തോളം രൂപ ഹോട്ടലിന് ചിന്തനൽകേണ്ടി വന്നുവെന്നും യൂത്ത് കോൺഗ്രസ് അറിയിച്ചു.