അങ്കാറ: തുർക്കിയിലും സിറിയയിലും നടന്ന ഭൂചലനത്തിൽ മരണസംഖ്യ ഇനിയും ഉയരുമെന്ന് മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്രസഭ. മരണസംഖ്യ അനിയന്ത്രിതമായി ഉയരുമെന്നാണ് ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയിട്ടുള്ളത്. നിലവിലുള്ള മരണസംഖ്യയുടെ എട്ടിരട്ടി വരെ വർദ്ധനവ് രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. 4500 ൽ അധികം പേരാണ് ഇതുവരെ മരണപ്പെട്ടത്. ഇരുപതിനായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
തുർക്കിയിൽ ഇപ്പോഴും രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. കനത്ത മഞ്ഞും മഴയും രക്ഷാ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. നിരവധി കെട്ടിടങ്ങൾ തകർന്നു വീണതും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായിട്ടുണ്ട്. ഭൂചലനത്തിൽ സംഭവിച്ച നാശനഷ്ടങ്ങളുടെ നിരക്കും ഉയരുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. വീടുകളിലേക്ക് തിരികെ പോകാൻ സാധിക്കാതെ ജനങ്ങൾ സംഘം ചേർന്ന് നിക്കുന്നത് ശ്വാസകോശ രോഗങ്ങൾ പടർത്തുന്ന വൈറസിന്റെ വ്യാപനത്തിന് കാരണമായേക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
തുർക്കിയ്ക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യ, ജർമ്മനി, സ്വിറ്റ്സർലൻഡ്, ഹംഗറി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തകർ തുർക്കിയിലേക്ക് തിരിച്ചു. ഐക്യരാഷ്ട്ര സഭയും സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്.
സിറിയയുടെ അതിർത്തിയോട് ചേർന്നുള്ള തെക്ക്-കിഴക്കൻ തുർക്കിയിലെ ഗാസിയാൻടെപ്പിൽ 17.9 കിലോമീറ്റർ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് നിഗമനം. അങ്കാറയിലും സമീപ നഗരങ്ങളിലും ഭൂചലനത്തെ തുടർന്ന് പ്രകമ്പനമുണ്ടായി. പത്ത് നഗരങ്ങളെ ഭൂചലനം ബാധിച്ചുവെന്ന് തുർക്കി ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ആദ്യ ഭൂചലനത്തിന് പിന്നാലെ തുർക്കിയിൽ തുടർചലനങ്ങൾ അനുഭവപ്പെട്ടിരുന്നു. ഇതാണ് കൂടുതൽ ദുരന്തത്തിന് ഇടയാക്കിയത്.

