ഖോവയ്: സിപിഎമ്മിനും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. ഇരുപാർട്ടികളും പ്രവർത്തിച്ചിട്ടുള്ളത് ജനവിരുദ്ധമായിട്ടാണെന്ന് അമിത് ഷാ ആരോപിച്ചു. അവർ അഴിമതി നടത്തുന്നവരാണെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. ത്രിപുരയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഇടതുപക്ഷവും കോൺഗ്രസും ഒരുപോലെ അഴിമതിക്കാരാണ്. ഇപ്പോൾ ഇവർ രണ്ടുപേരും ഒന്നിച്ചിരിക്കുകയാണ്. കമ്മ്യൂണിസ്റ്റുകൾ ക്രിമിനലുകളും കോൺഗ്രസ് അഴിമതിക്കാരുമാണ്. ത്രിപുരയ്‌ക്കെതിരെയും സംസ്ഥാനത്തെ ജനങ്ങൾക്കെതിരെയും പ്രവർത്തിച്ചവരാണ് ഇരുവരും. 30 വർഷത്തോളമുള്ള സിപിഎമ്മിന്റെ ത്രിപുരയിലെ ഭരണവും 15 വർഷത്തോളമുള്ള കോൺഗ്രസിന്റെ ഭരണവും അഞ്ചു വർഷം മാത്രമുള്ള ബിജെപി ഭരണത്തോട് താരതമ്യപ്പെടുത്തിയാൽ ജനങ്ങൾക്ക് ഇക്കാര്യം ബോധ്യപ്പെടുമെന്നും അദ്ദേഹം വിശദീകരിച്ചു.
ബിജെപി ഭരണത്തെ അമിത് ഷാ ഉയർത്തിക്കാട്ടുകയും ചെയ്തു. സംസ്ഥാനത്ത് ബിജെപി ഭരണം നടത്തിയപ്പോൾ കുറ്റകൃത്യനിരക്ക് 30 ശതമാനം കുറഞ്ഞു. 2016-18 കാലയളവിൽ 250 ഓളം ബിജെപി പ്രവർത്തകരെയാണ് സിപിഎം കൊലപ്പെടുത്തിയത്. എന്നാൽ, ഒരു സിപിഎം പ്രവർത്തകനെ പോലും ബിജെപി സർക്കാർ ലക്ഷ്യമിട്ടിട്ടില്ലെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
ബിജെപി ഭരണത്തിൽ ത്രിപുര ഇപ്പോൾ സമാധാനമുള്ള സംസ്ഥാനമായി മാറി.27 വർഷം നീണ്ട കമ്മ്യൂണിസ്റ്റുകാരുടെ ദുർഭരണം ബിജെപി മാറ്റിമറിച്ചെന്ന അഭിമാനത്തോടെയാണ് അഞ്ചു വർഷത്തിന് ശേഷം താൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്. ഇനിയും മുന്നോട്ടുകൊണ്ടുപോകാനുണ്ട്. അതിന് അഞ്ചുവർഷം മതിയാകില്ല. വികസനപ്രവർത്തനങ്ങൾ കൂടുതൽ നടത്താനുണ്ടെന്നും അതിന് തുടർച്ച വേണമെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ബിജെപി വളരെ സുതാര്യമായാണ് ഭരണനിർവഹണം നടത്തുന്നതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

