ചരിത്ര സിനിമകള്‍ ഇനി ചെയ്യുന്നില്ലെന്നും യഥാര്‍ഥ ചരിത്രം സിനിമയാക്കുന്നത് അപകടകരമാണെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍. മാതൃഭൂമി അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ചരിത്രം എടുത്ത് കൈ പൊള്ളിയ ആളാണ് ഞാന്‍. ദേഹം മുഴുവന്‍ പൊള്ളി. ചരിത്രം ചരിത്രമായി എടുത്താല്‍ ഡോക്യൂമെന്ററി ആവുള്ളു. വിജയിക്കുന്നവരാണ് ചരിത്രം എഴുതുന്നത്. പോര്‍ച്ചുഗീസ് ചരിത്രത്തില്‍ മരക്കാര്‍ മോശക്കാരനാണ്. അറബി ചരിത്രത്തില്‍ നല്ലവനാണ്. ഏത് നമ്മള്‍ വിശ്വസിക്കും. ചരിത്രത്തെ വളച്ചൊടിച്ച ഒരുപാട് ചിത്രങ്ങളുണ്ട്. ചരിത്രം ഞാന്‍ ഇനി ചെയ്യില്ല. അഭിനയിക്കുന്നതിന് പകരം അഭിനേതാക്കള്‍ പെരുമാറുന്നത് കാണാനാണ് ഇഷ്ടം. ഞാന്‍ ആളുകളെ രസിപ്പിക്കാന്‍ വേണ്ടി മാത്രം സിനിമ എടുക്കുന്നയാളാണ്. എനിക്ക് അതാണ് ഇഷ്ടം.. ഇടയ്ക്ക് കാഞ്ചീവരം ഒക്കെ ചെയ്യുന്നത് നമ്മുടെ ആഗ്രഹം തീര്‍ക്കാന്‍ വേണ്ടിയാണ്. പണ്ട് ആളുകള്‍ അഭിനയിക്കും. ഇന്ന് പെരുമാറുകയാണ് ചെയ്യുന്നത്. ആള്‍ക്കാര്‍ക്ക് പെരുമാറുന്നത് കാണാനാണ് ഇഷ്ടം. പാന്‍ ഇന്ത്യന്‍ ഹിറ്റുകള്‍ ഇല്ലെങ്കിലും ഉള്ളടക്കത്തിന്റെ കാര്യത്തില്‍ മലയാള സിനിമകള്‍ മികച്ചതാണ്. 96 സിനിമകള്‍ 40 വര്‍ഷം കൊണ്ട് ചെയ്തു. ഒ.ടി.ടി കാരണം മലയാളം സിനിമ ഇന്ത്യ മുഴുവന്‍ ശ്രദ്ധിക്കുന്നു. ബാഹുബലിയും ആര്‍. ആര്‍. ആറും ഇല്ലെങ്കിലും നല്ല ഉള്ളടക്കം ഉള്ള സിനിമകള്‍ മലയാളത്തിലുണ്ട്. സിനിമയില്‍ മാത്രമല്ല സോഷ്യല്‍ മീഡിയ വഴി മിക്ക മേഖലകളും വിമര്‍ശനം നേരിടുന്നു. ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ ആകാം. എന്നാല്‍ മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നീ സ്ഥാനങ്ങളെ നമ്മള്‍ ബഹുമാനിക്കണം. ഇവരെ എടാ, പോടാ എന്നൊക്കെ വിളിക്കുന്നത് ശരിയല്ല. മനഃപൂര്‍വം ആരെയും ഉപദ്രവിക്കരുത്. ഒരു വ്യക്തിയുടെ ജീവിതം തകര്‍ക്കാന്‍ ശ്രമിക്കരുതെന്നും’ അദ്ദേഹം പറഞ്ഞു.

