ശൈശവ വിവാഹം: മൂന്ന് ദിവസത്തിനിടെ അസാമില്‍ അറസ്റ്റിലായത് 2,278 പേര്‍

ദിസ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നവരെ പിടികൂടാന്‍ മന്ത്രിസഭയില്‍ തീരുമാനമായതിനെത്തുടര്‍ന്ന് ശൈശവ വിവാഹം കഴിക്കുകയും, വിവാഹത്തിന് ഒത്താശ ചെയ്യുകയും ചെയ്തതിന് മൂന്ന് ദിവസത്തിനിടെ 2,278 പേരാണ് അസാമില്‍ അറസ്റ്റിലായത്. നിലവില്‍ 4,074 കേസുകളാണ് ശൈശവവിവാഹവുമായി ബന്ധപ്പെട്ട് ഇവിടെ രജിസ്റ്റര്‍ ചെയ്തത്. ാണ് അറസ്റ്റ്.

പതിനാല് വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നവരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരിക്കും അറസ്റ്റ് ചെയ്യുകയെന്ന് മുഖ്യമന്ത്രി ഹിമന്ത ശര്‍മ ബിശ്വ പറഞ്ഞു. ‘ശൈശവ വിവാഹം കഴിക്കുന്ന വരന്‍ പതിനാല് വയസിന് താഴെയുള്ളയാളാണെങ്കില്‍ ദുര്‍ഗുണ പരിഹാര പാഠശാലയിലേയ്ക്ക് അയയ്ക്കും. ശൈശവ വിവാഹങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ 2026 വരെ തുടരും. സംസ്ഥാനത്ത് ശൈശവവിവാഹവും പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പുള്ള ഗര്‍ഭധാരണവും തടയുന്നതിന്റെ ഭാഗമായാണ് നടപടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കുകയോ ശൈശവ വിവാഹങ്ങള്‍ നടത്തുകയോ ചെയ്ത എണ്ണായിരത്തിലധികം പേരെ തിരിച്ചറിഞ്ഞു. അറസ്റ്റിലായ 2,200 ഓളം പേര്‍ക്ക് പുറമെ 3,500 പേര്‍ക്കെതിരെ കൂടി നടപടിയെടുക്കും’- മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, സര്‍ക്കാരിന്റെ നടപടിയില്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരെയും മക്കളെയും അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയതോടെ കഴിഞ്ഞ ദിവസം അസാമിലെ തെരുവുകളിലിറങ്ങിയത് നിരവധി സ്ത്രീകളാണ്. പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടിയ സ്ത്രീകള്‍ തങ്ങളുടെ കുടുംബാംഗങ്ങളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സംഘര്‍ഷം തീര്‍ക്കുകയും ചെയ്തു.