കോഴിക്കോട്: കിനാലൂരിലെ ഉഷാ സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സിന്റെ സ്ഥലത്ത് പഞ്ചായത്തിന്റെ അറിവോടെ അതിക്രമിച്ച് കടന്ന് അനധികൃത നിർമ്മാണം നടത്തുന്നുവെന്ന പി ടി ഉഷയുടെ ആരോപണം തള്ളി കായിക മന്ത്രി വി അബ്ദുറഹ്മാൻ. പി ടി ഉഷയുടെ ആരോപണം പ്രാദേശിക വിഷയം മാത്രമാണെന്നും പഞ്ചായത്തുമായി ചർച്ച നടത്തി പരിഹരിക്കേണ്ട വിഷയം മാത്രമാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
ഇതൊന്നും ഡൽഹിയിൽ പോയി പറയേണ്ട വിഷയമല്ല. ആർക്കെതിരയും ആക്രമണം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. കോഴിക്കോട് ബാലുശേരി കിനാലൂരിൽ ഉഷ സ്‌കൂൾ ഓഫ് അത്ലറ്റിക്സിന് സർക്കാർ അനുവദിച്ച സ്ഥലത്ത് പഞ്ചായത്തിന്റെ അറിവോടെ അനധികൃത നിർമ്മാണം നടത്തുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം പി ടി ഉഷ ഉന്നയിച്ച പരാതി. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് പി ടി ഉഷ ഇക്കാര്യം വ്യക്തമാക്കിയത്.
ഉഷ സ്‌കൂളിന് കോഴിക്കോട് കിനാലൂരിൽ സർക്കാർ അനുവദിച്ച സ്ഥലത്ത് പനങ്ങാട് പഞ്ചായത്തിന്റെ അറിവോടെ അനധികൃത നിർമ്മാണം നടക്കുന്നുവെന്നാണ് ഉയർന്നിട്ടുള്ള പരാതി. സ്‌കൂളിന്റെ സുഗമമായ നടത്തിപ്പിന് ഉഷ സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. എംപിയായ ശേഷം നിരന്തരം അതിക്രമങ്ങൾക്ക് ഇരയാകുകയാണ് താനെന്നും പി ടി ഉഷ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
കോഴിക്കോട് ബാലുശേരി കിനാലൂരിൽ ലീസായി ട്രസ്റ്റിന് അനുവദിച്ച 30 ഏക്കർ സ്ഥലത്താണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് ട്രസ്റ്റിന് സ്ഥലം അനുവദിച്ചത്. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഭൂമി മതിൽ കെട്ടി വേർതിരിച്ചിരുന്നില്ല. ഈ ഭൂമിയിൽ ഇപ്പോൾ തുടർച്ചയായി കയ്യേറ്റങ്ങളും അതിക്രമവും നടക്കുന്നുവെന്നാണ് ഇപ്പോൾ ഉയർന്നിട്ടുള്ള ആരോപണം.
ഒരു സംഘം ആളുകൾ വെള്ളിയാഴ്ച ജെസിബിയുമായി എത്തി സ്‌കൂളിന്റെ സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ നോക്കിയെന്നും തടയാൻ ശ്രമിച്ച സ്‌കൂൾ ജീവനക്കാർക്ക് നേരെ ജെസിബി കയറ്റാൻ ശ്രമിച്ചെന്നും പി ടി ഉഷ വെളിപ്പെടുത്തിയിരുന്നു.
അതേസമയം, ഉഷയുടെ ആരോപണങ്ങൾ പനങ്ങാട് പഞ്ചായത്ത് തള്ളി. നിരവധി ആളുകൾ താമസിക്കുന്ന കാന്തലാട് മലയിലേക്കുള്ള റോഡ് ഉൾപ്പെടുന്ന സ്ഥലമാണ് നേരത്തെ കെ എസ് ഐ ഡി സി ഏറ്റെടുത്തതെന്ന് പനങ്ങാട് പഞ്ചായത്ത് അധികൃതർ പറഞ്ഞു. ഈ റോഡുൾപ്പെടെയുള്ള സ്ഥലമാണ് പിടി ഉഷക്ക് പിന്നീട് കൈമാറിയത്. പഞ്ചായത്തിന്റെ ആസ്തി വികസന രജിസ്റ്ററിൽ ഉൾപ്പെടുന്ന റോഡിൽ ജലജീവൻ പദ്ധതി പ്രകാരമുളള പൈപ്പിടലാണ് നടന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി എം കുട്ടികൃഷ്ണൻ വ്യക്തമാക്കി. മറ്റ് ആരോപണങ്ങളെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

