പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു; അന്ത്യം വൃക്കരോഗത്തിന് ചികിത്സയിലിരിക്കെ

അബുദാബി: പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു. എഴുപത്തിയൊൻപത് വയസായിരുന്നു. വൃക്ക രോഗത്തിന് ചികിത്സയിൽ കഴിയവെ യുഎഇയിലെ അമേരിക്കൻ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടാഴ്ചയായി അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആർമി മേധാവി കൂടിയായിരുന്നു അദ്ദേഹം.

പർവേസ് മുഷറഫ് പാകിസ്ഥാനിന്റെ പത്താം പ്രസിഡന്റാണ്. കാർഗിൽ യുദ്ധകാലത്ത് പാക് സൈനിക മേധാവിയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ജനിച്ച് പാക്കിസ്ഥാനിലേക്ക് കുടിയേറിയ വ്യക്തി കൂടിയാണ് മുഷറഫ്. പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത മുഷറഫിന് സ്വന്തം രാജ്യത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് വിചാരണ നേരിടേണ്ടി വന്നിരുന്നു.

പർവേസ് മുഷ്‌റഫ് കഴിഞ്ഞ എട്ട് വർഷമായി യുഎഇയിൽ ചികിത്സയിലായിരുന്നു. ശിഷ്ടകാലം സ്വന്തം രാജ്യത്ത് ചെലവഴിക്കാനുള്ള ആഗ്രഹം മുഷറഫ് നേരത്തെ പ്രകടിപ്പിച്ചിരുന്നുവെന്ന് മാദ്ധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.