കോഴിക്കോട്: കൂടത്തായി കൊലപാതക കേസില്‍ അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയില്‍ മാത്യു, രണ്ടര വയസുകാരി ആല്ഫൈന് എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളില്‍ സയനൈഡോ മറ്റ് വിഷാംശമോ കണ്ടെത്താനായില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. എന്നാല്‍, കൊല്ലപ്പെട്ട റോയ് തോമസ്, സിലി എന്നിവരുടെ മൃതദേഹത്തില്‍ മുന്‍പ് സയനൈഡ് സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.
2019 ഒക്ടോബര്‍ അഞ്ചിനാണ് പ്രതിയായ ജോളിയെ പൊലീസ് അറസ്റ്റു ചെയ്യുന്നത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ്, റോയിയുടെ മാതാപിതാക്കളായ പൊന്നാമറ്റം അന്നമ്മ, ടോം തോമസ്, അന്നമ്മയുടെ സഹോദരന് മാത്യു മഞ്ചാടിയില്‍, ജോളിയുടെ രണ്ടാം ഭര്‍ത്താവായ ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്ഫൈന് എന്നിവരെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയും സയനൈഡ് നല്‍കിയും കൊലപ്പെടുത്തിയെന്നാണു കേസ്. ജോളിയുടെ ഭര്‍ത്താവിന്റെ സഹോദരന് ക്രൈംബ്രാഞ്ചിന് നല്കിയ പരാതിയാണ് അന്വേഷണത്തിലേക്ക് എത്തിയത്. ഇതോടെ കുഴിച്ച് മൂടിയ മൃതദേഹങ്ങള്‍ ഓരോന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയാണ് കൊല്ലപ്പെട്ടവരുടെ മരണ കാരണം ഉള്ളില്‍ വിഷം ചെന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. അന്വേഷണത്തിനൊടുവില്‍ പൊലീസ് ജോളിയില്‍ എത്തുകയായിരുന്നു.
അതേസമയം, ഭര്‍ത്താവിന്റെ മദ്യപാനം, സ്ഥിരം വരുമാനം ഇല്ലാത്തത്, സ്വത്ത് തട്ടിയെടുക്കല്‍ തുടങ്ങിയവയാണ് കൃത്യം ചെയ്യുന്നതിന് കാരണമായി ജോളി പൊലീസിന് നല്കിയ മൊഴിയില്‍ ചൂണ്ടിക്കാട്ടിയത്. ജോളിക്കു സയനൈഡ് എത്തിച്ചു നല്കിയ എം.എസ് മാത്യു, കെ. പ്രജികുമാര്‍ എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികള്‍.

