ന്യൂഡൽഹി: സുപ്രീം കോടതി ജഡ്ജി നിയമനത്തിൽ കൊളീജിയം ശുപാർശയ്ക്ക് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപതി മുർമു. 5 ഹൈക്കോടതി ജഡ്ജിമാരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാനാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്. രാജസ്ഥാൻ, പട്‌ന, മണിപ്പുർ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കും പട്‌ന, അലഹാബാദ് ഹൈക്കോടതി ജഡ്ജിമാർക്കുമാണ് നിയമനം ലഭിച്ചിട്ടുള്ളത്. തിങ്കളാഴ്ച്ച ഇവർ സത്യപ്രതിജ്ഞ ചെയ്യും.
രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തൽ, പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ, മണിപ്പുർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി വി സഞ്ജയ് കുമാർ, പട്‌ന ഹൈക്കോടതി ജഡ്ജി അസാനുദ്ദീൻ അമാനുല്ല, അലഹാബാദ് ഹൈക്കോടതി ജഡ്ജി മനോജ് മിശ്ര തുടങ്ങിയവരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാനുള്ള കൊളീജിയം ശുപാർശയ്ക്കാണ് സുപ്രീംകോടതി അംഗീകാരം നൽകിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം, ഈ അഞ്ച് ജഡ്ജിമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാൻ ശുപാർശ നൽകിയത് കഴിഞ്ഞ വർഷം ഡിസംബർ 13നാണ്. ഈ ശുപാർശയിൽ തീരുമാനം വൈകുന്നതിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിനെതിരെ നിരവധി തവണ വിമർശനം ഉന്നയിച്ചിരുന്നു.
നിലവിൽ 27 ജഡ്ജിമാരാണ് സുപ്രീം കോടതിയിലുള്ളത്. 34 ആണ് സുപ്രീം കോടതിയിലെ അനുവദനീയ അംഗബലം. അതേസമയം, കഴിഞ്ഞയാഴ്ച നടത്തിയ അസാധാരണമായ നീക്കത്തിലൂടെ രണ്ടു പേരെക്കൂടി സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്തിരുന്നു. ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ, അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേഷ് ബിൻഡാൽ എന്നിവരുടെ പേരുകളാണ് കൊളീജിയം ശുപാർശ ചെയ്തത്. എന്നാൽ, ഇതിൽ തീരുമാനം എടുത്തിട്ടില്ല.

