ന്യൂഡൽഹി: അദാനി കമ്പനികളുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് ഉയർന്നുവന്ന ആശങ്കകളുടെ പശ്ചാത്തലത്തിൽ പ്രതികരണവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്ത്യയുടെ ബാങ്കിങ് മേഖല സുസ്ഥിരമാണെന്ന് ആർബിഐ അറിയിച്ചു. മൂലധന ക്ഷമത, പണലഭ്യത, പ്രൊവിഷൻ കവറേജ്, പ്രൊഫിറ്റബിലിറ്റി തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങൾ ആരോഗ്യകരമായ നിലയിലാണുള്ളതെന്ന് ആർബിഐ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
രാജ്യത്തെ ബാങ്കുകൾ ആർ.ബി.ഐയുടെ മാർഗനിർദേശങ്ങളുടെ പരിധിയ്ക്കുള്ളിലാണ് ഉള്ളത്. ഇന്ത്യൻ ബാങ്കിങ് മേഖലയുടെ സ്ഥിരതയെ കുറിച്ച് ജാഗരൂകരായിരിക്കും. നിരീക്ഷണം തുടരുമെന്നും നിലവിലെ വിലയിരുത്തൽ അനുസരിച്ച് ബാങ്കിങ് മേഖല മാറ്റങ്ങളെ ഉൾക്കൊള്ളാനാകുന്ന വിധത്തിലും സ്ഥിരതയോടെയുമാണ് നിലകൊള്ളുന്നതെന്നും ആർബിഐ ചൂണ്ടിക്കാട്ടി.
ഹിൻഡൻബർഗ് റിപ്പോർട്ടും അദാനിയുടെ ഓഹരികളിലുണ്ടായ ഇടിവും രാജ്യത്തെ ബാങ്കിങ് മേഖലയെ കുറിച്ച് പലകോണുകളിൽനിന്ന് ആശങ്ക ഉയരാൻ വഴിവെച്ചിരുന്നു. ഇതോടെയാണ് ആർബിഐ വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. എന്നാൽ, അദാനി ഗ്രൂപ്പിനേപ്പറ്റി ആർബിഐ പ്രസ്താവനയിൽ പേരെടുത്ത് പരാമർശിച്ചിട്ടില്ല.

