ന്യൂഡൽഹി: ആർത്തവം സാധാരണ ശാരീരിക പ്രതിഭാസം മാത്രമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പവാർ. ചെറിയ ഒരു വിഭാഗത്തിന് മാത്രമാണ് ആർത്തവത്തെ തുടർന്ന് ശാരീരിക ബുദ്ധിമുട്ടുണ്ടാകുന്നതെന്നും ശമ്പളത്തോടെയുള്ള ആർത്തവ അവധി നൽകുന്ന കാര്യം കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
മറ്റുള്ളവരെ ആർത്തവം വലിയ രീതിയിൽ ബാധിക്കാറില്ല. അതുകൊണ്ട് തന്നെയാണ് ആർത്തവ അവധി കേന്ദ്ര സർക്കാർ പരിഗണിക്കാത്തതെന്നും മന്ത്രി അറിയിച്ചു. ലോക്‌സഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
10 കോടി 74 ലക്ഷം കുടുംബങ്ങൾക്ക് ഒരു കുടുംബത്തിന് പ്രതിവർഷം അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ നൽകുന്ന പദ്ധതിയാണ് ആയുഷ്മാൻ ഭാരത് – പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന. പദ്ധതിയ്ക്ക് കീഴിൽ 23 കോടി ആയുഷ്മാൻ കാർഡ് നൽകിയിട്ടുണ്ട്. 32 കോടി 12 ലക്ഷം ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ടുകൾ ജനുവരി 29 വരെയുള്ള കാലയളവിൽ സൃഷ്ടിച്ചു. ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ രാജ്യത്ത് പരസ്പര പ്രവർത്തനക്ഷമമായ ഒരു ഡിജിറ്റൽ ആരോഗ്യ ഇക്കോസിസ്റ്റം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും ഭാരതി പവാർ കൂട്ടിച്ചേർത്തു.

