അഭിമാനം! ലോകത്തിലെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയില്‍ ഇടം നേടി പ്രൊഫ. സാബു തോമസ്‌

കോട്ടയം: ജര്‍മനി ആസ്ഥാനമായുള്ള അള്‍പര്‍-ഡോഗര്‍ സയിന്റിഫിക് ഇന്‍ഡക്‌സില്‍ ലോകത്തിലെ മികച്ച രണ്ടുശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയില്‍ ഇടം നേടി എം.ജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ്.

ആറുവര്‍ഷത്തെ വിവിധ സൂചികകളെ അടിസ്ഥാനമാക്കിയുള്ള റാങ്കിങ് പ്രകാരം ഇദ്ദേഹം കെമിക്കല്‍ സയന്‍സ് വിഭാഗത്തില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്താണുള്ളത്. ഏഷ്യയില്‍ പതിനെട്ടാം റാങ്കും ആഗോള തലത്തില്‍ 71-ാം റാങ്കുമാണ്. നാച്വറല്‍ സയന്‍സ് വിഭാഗത്തില്‍ രാജ്യത്ത് ഇരുപതാം സ്ഥാനവും ഏഷ്യയില്‍ 87- ാം സ്ഥാനവും ആഗോളതലത്തില്‍ 804-ാം സ്ഥാനവുമാണ്. പോളിമര്‍ സയന്‍സ്, നാനോ സയന്‍സ്, നാനോ ടെക്‌നോളജി മേഖലകളില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ അദ്ദേഹം ഇതുവരെ 120 പിഎച്ച്.ഡി ഗവേഷണങ്ങള്‍ക്ക് ഗൈഡായിട്ടുണ്ട്.

അതേസമയം, 217 രാജ്യങ്ങളിലെ 19,584 സര്‍വകലാശാലകളിലെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ലക്ഷക്കണക്കിന് ഗവേഷകരുടെ പഠനങ്ങള്‍ വിലയിരുത്തിയാണ് എ.ഡി. സയന്റിഫിക് ഇന്‍ഡക്സ് തയ്യാറാക്കുന്നത്.