തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനായി പ്രധാനമന്ത്രി കൗശൽ വികാസ് യോജന 4.0 നടപ്പാക്കും; കേന്ദ്ര ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ

ന്യൂഡൽഹി: തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനായി പ്രധാനമന്ത്രി കൗശൽ വികാസ് യോജന 4.0 നടപ്പാക്കുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ. ബജറ്റ് പ്രഖ്യാപനത്തിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. 5ജി സേവനങ്ങൾ ഉപയോഗിച്ച് ആപ്പുകൾ വികസിപ്പിക്കുന്നതിന് 100 ലാബുകൾ എൻജിനീയറിങ് സ്ഥാപനങ്ങളിൽ സ്ഥാപിക്കുമെന്നും ബജറ്റിൽ നിർമ്മലാ സീതാരമൻ പ്രഖ്യാപിച്ചു.

പുതിയ ശ്രേണിയിലുള്ള അവസരങ്ങൾ, ബിസിനസ്സ് മോഡലുകൾ, തൊഴിൽ സാധ്യതകൾ എന്നിവ സാക്ഷാത്കരിക്കുന്നതിന്, സ്മാർട്ട് ക്ലാസ് റൂമുകൾ, പ്രിസിഷൻ ഫാമിംഗ്, ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റംസ്, ഹെൽത്ത്കെയർ തുടങ്ങിയ ആപ്ലിക്കേഷനുകൾ ലാബുകളിൽ ഉൾക്കൊള്ളുന്നു. മേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചു. മേക്ക് എഐ ഇൻ ഇന്ത്യ, മേക്ക് എഐ വർക്ക് ഫോർ ഇന്ത്യ എന്നതാണ് ലക്ഷ്യം. വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി മൂന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കേന്ദ്രങ്ങൾ രാജ്യത്ത് സ്ഥാപിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

കേന്ദ്ര ബജറ്റ് – ഒറ്റനോട്ടത്തിൽ

  • ഇൻകം ടാക്സ് പരിധി 5 ലക്ഷത്തിൽ നിന്ന് 7 ലക്ഷമാക്കി. വാർഷിക വരുമാനം ഏഴ് ലക്ഷം വരെയുള്ളവർക്ക് നികുതിയില്ല.
  • ആദായ നികുതി സ്ലാബുകൾ ആറിൽ നിന്ന് അഞ്ചായി കുറച്ചു.
    മൂന്നു ലക്ഷം വരെ നികുതിയില്ല. നേരത്തേ (2.5 ലക്ഷം)
  • 3–6 ലക്ഷം വരെ വരുമാനത്തിന് 5 ശതമാനം നികുതി.
  • 6 ലക്ഷം മുതൽ 9 വരെ 10 ശതമാനം നികുതി.
  • 9 ലക്ഷം മുതൽ 12 ലക്ഷം വരെ 15 ശതമാനം.
  • 12–15 ലക്ഷം വരെ 20 ശതമാനം നികുതി.
  • 15 ലക്ഷത്തിൽ കൂടുതൽ 30 ശതമാനം നികുതി.
  • 9 ലക്ഷം വരെയുള്ളവർ 45,000 രൂപ വരെ നികുതി. 15 ലക്ഷം വരെ വരുമാനമുള്ളവർക്ക് 5,20,000 രൂപവരെ ലാഭം
  • ആദായനികുതി അപ്പീലുകൾ പരിഹരിക്കാൻ ജോ. കമ്മിഷണർമാർക്കും ചുമതല.
  • സ്വര്‍ണം, വെള്ളി, ഡയമണ്ട്, വസ്ത്രം, സിഗരറ്റ് എന്നിവയുടെ വില കൂടും.
  • കംപ്രസ്ഡ് ബയോഗ്യാസ്, ലിഥിയം അയൺ ബാറ്ററി, മൊബൈൽ ഫോൺ ഘടകങ്ങൾ, ടിവി പാനലുകള്‍, ക്യാമറ, ഇലക്ട്രിക് ചിമ്മിനി, ഹീറ്റ് കോയില്‍ എന്നിവയുടെ വില കുറയും.
  • മൊബൈല്‍ ഫോണ്‍ ഘടകങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചു.
  • വൈദ്യുതി വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികള്‍ക്ക് നികുതി ഇളവ്
  • ആദിവാസി വിഭാഗങ്ങളുടെ സമഗ്ര വികസനത്തിന് 15000 കോടി
  • എല്ല സർക്കാർ സ്ഥാപനങ്ങളും പാൻ കാർഡ് തിരിച്ചറിയൽ രേഖയായി സ്വീകരിക്കുവാൻ നടപടി.
  • പിഎം ഗരീബ് കല്യാൺയോജന ഒരു വർഷം കൂടി തുടരും. ഇതിന് 2 ലക്ഷം കോടി രൂപയുടെ ചെലവ് കേന്ദ്രം വഹിക്കും.
  • 5 കിലോ ഭക്ഷ്യധാന്യം 81 കോടി ജനങ്ങൾക്ക് മാസംതോറും കിട്ടും. 
  • റെയിൽവേയുടെ വികസന പദ്ധതികൾക്ക് 2.40ലക്ഷം കോടി രൂപ.
  • കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പഴയ വാഹനങ്ങൾ ഒഴിവാക്കി
  • വെഹിക്കിൾ സ്ക്രാപ്പിങ് നയത്തിന്റെ അടിസ്ഥാനത്തിൽ സഹായം നൽകും.
  •   പുതിയതായി 50 വിമാനത്താവളങ്ങൾ നിർമിക്കും.
  • 63,000 പ്രാഥമിക സംഘങ്ങൾ ഡിജിറ്റൈസ് ചെയ്യാൻ 2516 കോടി രൂപ.
  • മെഡിക്കൽ രംഗത്ത് നൈപുണ്യ വികസന പദ്ധതിയും, അനീമിയ രോഗം നിർമാർജനം ചെയ്യുവാൻ വ്യാപക പരിപാടിയും.
  • പുതിയതായി 157 നഴ്സിങ് കോളജുകൾ തുടങ്ങും.
  • 38,300 അധ്യാപകരെ നിയമിക്കും.
  • 748 ഏകല്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ അധ്യാപകരെ നിയമിക്കും.
  • 47 ലക്ഷം യുവാക്കൾക്ക് 3 വർഷം സ്റ്റൈപൻഡ് നൽകാൻ പദ്ധതി.
  • പാരമ്പര്യ കരകൗശലത്തൊഴിലാളികൾക്ക് പിഎം വിശ്വകർമ കുശൽ സമ്മാൻ പദ്ധതി
  • കസ്റ്റംസ് ഡ്യൂട്ടി സ്ലാബുകൾ കുറച്ചു.