നന്നായി മുടി വളരണോ; ഈ വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കൂ…

നിരവധി പേരെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ. ശരീരത്തിലെ വിറ്റാമിനുകളും ധാതുക്കളും പോലുള്ള നിരവധി പോഷകങ്ങളുടെ കുറവ് മുടി കൊഴിച്ചിൽ വർദ്ധിപ്പിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഏതൊക്കെ വിറ്റാമിനുകളുടെ അഭാവം മുടിയെ ബാധിക്കുമെന്ന് നോക്കാം.

ആരോഗ്യമുള്ള മുടി നിലനിർത്താൻ വിറ്റാമിൻ എ അത്യാവശ്യ ഘടകമാണ്. വിറ്റാമിൻ എ മുടി വളർച്ചയെ സഹായിക്കുകയും രോമകൂപങ്ങളെ മോയ്‌സ്ചറൈസ് ചെയ്യുകയും പൊട്ടുന്നതും മറ്റ് മുടി കൊഴിച്ചിൽ പ്രശ്നങ്ങളും മൂലമുണ്ടാകുന്ന മുടി കൊഴിച്ചിൽ തടയാനും സഹായിക്കുന്നു. മുട്ട, സിട്രസ് പഴങ്ങൾ, ചീര, പരിപ്പ്, വിത്തുകൾ, കാരറ്റ്, ധാന്യങ്ങൾ, അവാക്കാഡോ, സോയാബീൻ എന്നിവയിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുണ്ട്.

വിറ്റാമിൻ ഇയിലെ സ്വാഭാവിക ആന്റിഓക്സിഡന്റ് ഇഫക്റ്റുകൾ മുടിയുടെ വളർച്ച നിലനിർത്താൻ സഹായിക്കും. ആരോഗ്യമുള്ളതും കരുത്തുറ്റതുമായ തലയോട്ടിക്കും മുടിക്കും ആവശ്യമായ ഒരു പ്രധാന ഘടകമാണിത്. നട്സ്, ഇലക്കറികൾ, ഒലിവ് ഓയിൽ, സൂര്യകാന്തി എണ്ണ, നിലക്കടല, ബദാം, ചീര, അവോക്കാഡോ, വാൾനട്ട് എന്നിവയിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്.

മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ സെൽ സൈക്കിളുകളെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഘടകമാണ് വിറ്റാമിൻ ഡി. മുട്ട, ഓറഞ്ച് ജ്യൂസ്, തൈര്, സരസഫലങ്ങൾ, സാൽമൺ, ട്യൂണ, ധാന്യങ്ങൾ തുടങ്ങിയവയിൽ വിറ്റാമിൻ ധാരാളം അടങ്ങിയിട്ടുണ്ട്.

വിറ്റാമിൻ സി കഴിക്കുന്നത് ഇരുമ്പിന്റെ കുറവ് തടയുകയും മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു. ഓറഞ്ച്, കിവി, പപ്പായ, സ്‌ട്രോബെറി, മധുരക്കിഴങ്ങ്, ബ്രൊക്കോളി, ബ്ലൂബെറി എന്നിവയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.