കുട്ടനാട്ടിലെ പ്രതിസന്ധി; പ്രശ്‌ന പരിഹാരത്തിന് മുന്നിട്ടിറങ്ങി സിപിഎം ജില്ലാ നേതൃത്വം

ആലപ്പുഴ: കുട്ടനാട്ടിൽ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ മുന്നിട്ടിറങ്ങി സിപിഎം ജില്ലാ നേതൃത്വം. വിഷയത്തിൽ പരിഹാരം കാണാൻ ജില്ലാ നേതൃത്വം നേരിട്ട് ഇടപെടാനൊരുങ്ങുകയാണ്. ശനിയാഴ്ച്ച കുട്ടനാട്ടിലെ 10 ലോക്കൽ കമ്മിറ്റി യോഗങ്ങളും ചേരാനാണ് സിപിഎമ്മിന്റെ തീരുമാനം. വിഭാഗിയത ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളിൽ പരിഹാരം കണ്ടെത്താനാണ് ജില്ലാ നേതൃത്വം ശ്രമിക്കുന്നത്.

കുട്ടനാട്ടിലെ 10 ലോക്കൽ കമ്മിറ്റികളും ഒറ്റ ദിവസം കൊണ്ട് ചേരാനാണ് സിപിഎം തീരുമാനിച്ചിട്ടുള്ളത്. ഈ യോഗങ്ങളിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ പങ്കെടുക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാമങ്കരിയിലാണ് ആദ്യം വിഭാഗീയത ആരംഭിച്ചത്. ജില്ലാ സെക്രട്ടറി ആർ നാസർ യോഗത്തിൽ നേരിട്ട് പങ്കെടുക്കും. അതേസമയം, 6 ലോക്കൽ കമ്മിറ്റികളിൽ പാർട്ടി അംഗത്വം ഉപേക്ഷിക്കുന്നതായി കത്ത് നൽകിയവരുമായും സിപിഎം നേരിട്ട് ചർച്ച നടത്തും.