‘കോണ്‍ഗ്രസ് നേതൃത്വത്തിന് ചുറ്റും സ്തുതിപാഠകരാണ്’; പാര്‍ട്ടി പദവികളില്‍ നിന്ന് രാജിവെച്ച് അനില്‍ ആന്റണി

തിരുവനന്തപുരം: ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടരുന്നതിനിടെ, ഡോക്യുമെന്ററിയെ എതിര്‍ത്തതിന് വിമര്‍ശനം നേരിട്ട അനില്‍ ആന്റണി എഐസിസി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ഉള്‍പ്പെടെയുള്ള പദവികളില്‍ നിന്ന് രാജിവെച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനാണ് അനില്‍ ആന്റണി.

കോണ്‍ഗ്രസ് നേതൃത്വത്തിന് ചുറ്റും സ്തുതിപാഠകരാണ്. തന്നോട് പ്രതികരിച്ചവര്‍ കാപട്യക്കാരാണ്. യോഗ്യതയെക്കാള്‍ സ്തുതിപാഠകര്‍ക്കാണ് സ്ഥാനമെന്നും അനില്‍ ആന്റണി വ്യക്തമാക്കി. ഇന്ത്യയിലുള്ളവര്‍ ഇന്ത്യന്‍ സ്ഥാപനങ്ങളെക്കാള്‍ ബിബിസിയുടെ വീക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്നത് അപകടകരമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിന് തുരങ്കം വയ്ക്കുന്ന നടപടിയാണെന്നും അനില്‍ പറഞ്ഞിരുന്നു.

അതേസമയം, അനിലിന്റെ നിലപാട് തള്ളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്ബില്‍ ഉള്‍പ്പെടെയുള്ളവരും രംഗത്തുവന്നു. ഡിജിറ്റല്‍ സെല്ലിന്റെ പുനഃസംഘടന പൂര്‍ത്തീകരിക്കാനിരിക്കെ ഏതെങ്കിലും വ്യക്തികള്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനും വ്യക്തമാക്കിയിരുന്നു.