കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദി ജി -20 അധ്യക്ഷനായതിനു ശേഷം നടക്കുന്ന ആദ്യ സമ്മേളനത്തിന് സാക്ഷ്യം വഹിക്കാൻ കുമരകം. കെടിഡിസിയുടെ വാട്ടർ സ്കേപ് റിസോർട്ടിൽ ഇതിനായി മനോഹരമായ കൺവൻഷൻ സെന്റർ ഒരുങ്ങുകയാണ്. കെടിഡിസിയുടെ വടക്കു കായൽതീരത്ത് 600 പേർക്ക് ഇരിക്കാൻ കഴിയുന്ന കൺവൻഷൻ സെന്ററാണ് നിർമ്മിക്കുന്നത്. കെടിഡിസിയിലെ 40 മുറികളും കുമരകത്തെ സ്വകാര്യ ഹോട്ടലുകളിലെ 260 മുറികളും ഉൾപ്പെടെ 300 മുറികൾ ബുക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.
സമ്മേളനം കഴിയുന്നതോടെ കുമരകത്തേക്ക് രാജ്യാന്തര തലത്തിലുള്ള മറ്റു പല വമ്പൻ പരിപാടികളും വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ധാരാളം ആഭ്യന്തര സഞ്ചാരികൾ ഇപ്പോൾ കുമരകത്തേക്ക് എത്താറുണ്ടെന്നും നല്ല രീതിയിൽ പണം ചെലവഴിക്കാൻ തയാറാകുന്നുണ്ടെന്നുമാണ് ചേംബർ ഓഫ് വേമ്പനാട് ഹോട്ടൽസ് ആൻഡ് റിസോർട് അസോസിയേഷൻ സെക്രട്ടറി കെ അരുൺകുമാർ അറിയിച്ചിട്ടുള്ളത്.
അസോസിയേഷനിൽ അംഗങ്ങളായ 21 ഓളം ഹോട്ടലുകളും റിസോർട്ടുകളും കുമരകത്തുണ്ട്. ത്രീ സ്റ്റാർ മുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ വരെ ഇതിൽ ഉൾപ്പെടുന്നു. ശരാശരി 50-60 മുറികൾ വീതമുള്ള ഇവയിൽ പലതിലും 50 മുതൽ 1000 പേരെ വരെ ഉൾക്കൊള്ളാവുന്ന പാർട്ടി ഹാളുകളും ഉണ്ട്. പുതിയ കൺവെൻഷൻ സെന്ററുകൾ നിർമിക്കാൻ ചില ഹോട്ടലുകൾക്ക് പദ്ധതിയിടുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.

